തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തേയും ശിവകുമാറിനേയും സന്ദർശിച്ച് സോണിയയും മൻമോഹൻ സിംഗും

അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ തിഹാർ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളായ പി ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും സന്ദർശിച്ച് സോണിയ ഗാന്ധിയും മൻമോഹൻ സിംഗും. തിഹാർ ജയിലിലെത്തിയാണ് ഇരുവരേയും നേതാക്കൾ സന്ദർസിച്ചത്.
ചിദംബരം ഐഎൻഎക്‌സ് മീഡിയ കേസിലും ഡി കെ ശിവകുമാർ കള്ളപ്പണ ഇടപാട് കേസിലും റിമാൻഡിലാണ്. സോണിയയും മൻമോഹൻ സിംഗും ജയിലിലെത്തി സന്ദർശിച്ചത് രാഷ്ട്രീയ പോരാട്ടത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരം പറഞ്ഞു. തൊഴിലില്ലായ്മ, കുറഞ്ഞ കൂലി, ആൾക്കൂട്ട ആക്രമണം, കശ്മീരിലെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം നിലനിൽക്കെയാണ് പ്രതിപക്ഷ നേതാക്കളെ സർക്കാർ ജയിലിൽ പിടിച്ചിടുന്നതെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു.
ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ആഗസ്റ്റ് 21 നാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി സിബിഐ കസ്റ്റഡിയിൽ വിടുകയായിരുന്നു. ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ സെപ്തംബർ മൂന്നിനാണ് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ശിവകുമാറിന്റെ അറസ്റ്റ്. മുതിർന്ന നേതാക്കളെ രാഷ്ട്രീയമായി മോദി സർക്കാർ വേട്ടയാടുന്നുവെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here