ബാലാകോട്ടിലെ ഭീകര ക്യാമ്പ് വീണ്ടും സജീവമാകുന്നതായി കരസേനാ മേധാവി ബിപിൻ റാവത്ത്

ബാലാകോട്ടിലെ ഭീകര ക്യാമ്പ് വീണ്ടും സജീവമാകുന്നതായി കരസേനാ മേധാവി ബിപിൻ റാവത്ത്. 500 ഓളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചുവെന്നും റാവത്ത് പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തെ തുടർന്ന് മേഖല വിട്ട ഭീകരരെ പാകിസ്ഥാൻ വീണ്ടും ബാലാകോട്ടിൽ എത്തിച്ചിരിക്കുകയാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആക്രമണത്തിൽ പാക് ഭീകരക്യാമ്പ് തകർന്നുവെന്നതിന്റെ തെളിവാണിതെന്നും റാവത്ത് പറഞ്ഞു.

ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഒരിക്കൽ ചെയ്തത് ഇനിയും ആവർത്തിക്കുന്നത് എന്തിനാണ്, എന്തുകൊണ്ട് അതിനപ്പുറം നമുക്ക് പോയികൂടായെന്നായിരുന്നു റാവത്തിന്റെ മറുചോദ്യം. ഇന്ത്യക്ക് ഇനിയും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കേണ്ടത് പാകിസ്ഥാനാണെന്നും റാവത്ത് മുന്നറിയിപ്പ് നൽകി.

കശ്മീർ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ജയ്‌ഷേ മുഹമ്മദ് ബാലാകോട്ടിൽ ഭീകരകേന്ദ്രം പുനരാരംഭിച്ചുവെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഐക്യ രാഷ്ട്രസംഘടനയുടെ പൊതുസഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാനിരിക്കെയാണ് കശ്മീർ വിഷയം വീണ്ടും ചർച്ചയാവുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top