Advertisement

സിപിഐഎം നേതാവുമായി കൊമ്പുകോർത്ത എസ്‌ഐക്ക് അന്വേഷണ മികവിനുള്ള ‘ഗുഡ്‌സ് സർവീസ് എൻട്രി’

September 24, 2019
Google News 1 minute Read

സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായി കൊമ്പുകോർത്ത് സോഷ്യൽ മീഡിയയിൽ താരമായ എസ്‌ഐക്ക് പൊലീസ് സേനയുടെ ഗുഡ്‌സ് സർവീസ് എൻട്രി. കളമശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ അമൃത്‌രംഗനാണ് അന്വേഷണ മികവിനുള്ള ജില്ലാ പൊലീസ് മേധാവിയുടെ സർവീസ് എൻട്രി ലഭിച്ചത്. കളമശേരിയിൽ നടന്ന മയക്കു മരുന്ന് വേട്ടയ്ക്കാണ് അംഗീകാരം.

കളമശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സക്കീർ ഹുസൈനുമായാണ് എസ് ഐ ഉടക്കിയത്. കൊച്ചിൻ യൂണിവേഴ്‌സിറ്റി ക്യാംപസിൽ സംഘർഷത്തിനിടെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ കയറ്റിയതിന്റെ പേരിലാണ് സക്കീർ ഹുസൈൻ എസ്‌ഐയുമായി മൊബൈൽ ഫോൺ വഴി വാക്കേറ്റത്തിലേർപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നതാണ് നല്ലതെന്ന് സക്കീർ ഹുസൈൻ എസ്‌ഐയോട് പറയുന്നുണ്ട്. എന്നാൽ തനിക്ക് അങ്ങനെയൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു എസ്‌ഐയുടെ മറുപടി. കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാൻ തനിക്ക് കഴിയില്ലെന്നും കളമശേരിയിൽ തന്നെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്‌ഐ വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ വിടി ബൽറാം ഉൾപ്പെടെ കോൺഗ്രസ് നേതാക്കളും ചില ബിജെപി നേതാക്കളും സക്കീർ ഹുസൈനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പൊതുജനം അംഗീകരിച്ചത് അമൃത്‌രംഗനെയായിരുന്നു. അതിനിടെ എസ്‌ഐ തന്റെ ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്ക് നൽകിയെന്നാരോപിച്ച് സക്കീർ ഹുസൈൻ രംഗത്തെത്തിയിരുന്നു. എസ്ഐ ചട്ട ലംഘനം നടത്തിയെന്നും സക്കീർ ഹുസൈർ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here