സെയ്‌റാ നരസിംഹ റെഡ്ഡിയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സെയ്‌റാ നരസിംഹ റെഡ്ഡി’യിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. സിജു തുറവൂരിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. സുധിനി ചൗഹാൻ, ശ്രേയ ഘോഷാൽ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. ഉയ്യാലവാഡ നരസിംഹ റെഡ്ഡിയായി എത്തുന്നത് ചിരഞ്ജീവിയാണ്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തിൽ അമിതാഭ് ബച്ചൻ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യോദ്ധാവിന്റെ വേഷത്തിൽ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തിൽ നടി നയൻതാരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലെത്തുന്നുണ്ട്.

മോഹൻലാലിന്റെ ശബ്ദത്തിൽ ‘സെയ്‌റ നരസിംഹ റെഡ്ഡി’ ടീസർ മുമ്പ് പുറത്തിറങ്ങിയിരുന്നത് ഏറെ വൈറലായിരുന്നു. കോനിഡെല പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകൻ അമിത് ത്രിവേദി സംഗീതം നൽകുന്നു. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാംചരണിന്റെ ആദ്യ നിർമാണ സംരംഭവും കൂടിയാണ് ഈ ചിത്രം. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top