ലോകത്തെ ഏറ്റവും വലിയ ട്രാവൽ ഏജൻസി തോമസ് കുക്ക് അടച്ചു പൂട്ടി

ലോകത്തെ ഏറ്റവും വലുതും പഴക്കംചെന്നതുമായ ട്രാവൽ ഏജൻസി തോമസ് കുക്ക് പൂട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്നാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി പൂട്ടിയത്. ഓഫീസുകളുടെ പ്രവർത്തനവും വിമാന സർവീസുകളും നിർത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം, തോമസ് കുക്ക് ഇന്ത്യ വേറെ കമ്പനി ആയതിനാൽ പ്രതിസന്ധി ബാധിക്കില്ലെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

പതിനെട്ടായിരം കോടി രൂപ ബാധ്യതയുള്ള കമ്പനി പിടിച്ചുനിൽക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതിനെതുടർന്നാണ് നിശ്ചലമായത്. കമ്പനിയുടെ നൂറിലേറെ വിമാനങ്ങൾ അടിയന്തിരമായി ബ്രിട്ടനിൽ തിരിച്ചിറക്കിയിട്ടുണ്ട്.

കമ്പനിയുടെ ദുരവസ്ഥ വല്ലാതെ ദു:ഖമുണ്ടാക്കുന്നതാണെന്ന് തോമസ് കുക്ക് ചീഫ് എക്‌സിക്യുട്ടീവ് പീറ്റർ ഫാൻകൗസർ പറഞ്ഞു. റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡുമായും ലോയിഡ്‌സ് ബാങ്കുമായും ബന്ധപ്പെട്ട് അവസാനവട്ട ശ്രമങ്ങൾ കമ്പനി നടത്തിയെങ്കിലും ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാൻ ബാങ്കുകൾ തയാറായില്ല. കമ്പനിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡർമാരായ ചൈനീസ് കമ്പനി ഫോസനുമായി ചേർന്നും രക്ഷാദൗത്യത്തിന് കമ്പനി ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.

178 വർഷത്തെ പ്രവർത്തന പാരമ്പ്യരമുള്ള കമ്പനിയിൽ 22,000 പേരാണ് ജോലി ചെയ്തിരുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു.

തോമസ് കുക്കിലൂടെ ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികൾ മാത്രം നിലവിൽ 1,80,000 പേർ വിവിധ രാജ്യങ്ങളിൽ സന്ദർശനത്തിൽ ഉണ്ടെന്നാണ് കണക്ക്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ വേറെയും. കമ്പനി പ്രവർത്തനം നിർത്തിയതോടെ ഇവരുടെ മടക്കയാത്രയും മറ്റ് അനുബന്ധ സേവനങ്ങളും അവതാളത്തിലായി. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സർക്കാർ തിരികെ അതത് സ്ഥലങ്ങളിൽ എത്തിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top