പിറവം പള്ളി തർക്കം; ഭരണനിയന്ത്രണം ഓർത്തഡോക്‌സ് സഭയക്ക് വിട്ടുനൽകികൊണ്ടുള്ള സുപ്രിം കോടതി വിധി ഇന്ന് നടപ്പാക്കും; പള്ളിയിൽ സംഘർഷാവസ്ഥ

പിറവം സെന്റ് മേരീസ് വലിയ പള്ളിയുടെ ഭരണനിയന്ത്രണം ഓർത്തഡോക്‌സ് സഭയക്ക് വിട്ടുനൽകികൊണ്ടുള്ള സുപ്രിം കോടതി വിധി ഇന്ന് നടപ്പാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. പള്ളിയും പരിസരവും കനത്ത പൊലീസ് കാവലിലാണ്. യാക്കോബായ വിശ്വാസികൾ നിലവിൽ പള്ളിക്കുള്ളിൽ ഒത്തുചേർന്നിട്ടുണ്ട്. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അതേസമയം, തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ് യാക്കോബായ സഭാംഗങ്ങൾ സംഘടിച്ചു നിൽക്കുകയാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് സഭാംഗങ്ങൾക്ക് പ്രധാന ഗേറ്റിനുള്ളിൽ പ്രവേശിക്കാനായില്ല.
Read Also : ‘പിറവം വലിയ പള്ളിയിൽ മതപരമായ ചടങ്ങുകൾക്ക് ഓർത്തഡോക്‌സ് വിഭാഗത്തിന് സംരക്ഷണം നൽകണം’: ഹൈക്കോടതി
അതേസമയം സഭാ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെയും മെത്രാപ്പൊലീത്തമാരുടെയും നേതൃത്വത്തിൽ യാക്കോബായ സഭാംഗങ്ങൾ പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പള്ളി വിട്ടുനൽകില്ലായെന്ന നിലപാടിലാണ് യാക്കോബായ സഭ. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ പള്ളിയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here