അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം. പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയാണ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ചത്. രാഷ്ട്രീയ എതിരാളികൾക്കെതിരെ നടപടിയെടുക്കാൻ വിദേശരാജ്യങ്ങളുടെ സഹായം തേടി എന്നാണ് ട്രംപിനെതിരായ ആരോപണം.

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും അദ്ദേഹത്തിന്റെ മകനുമെതിരെ അന്വേഷണം നടത്താൻ ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കിയോട് ആവശ്യപ്പെട്ടു എന്നതാണ് ട്രംപിനെതിരെയുള്ള ആരോപണം. ഇതിനായി രണ്ടായിരത്തി എണ്ണൂറ് കോടി രൂപയുടെ സൈനിക സഹായം ഉക്രെയ്‌ന് വാഗ്ദാനം ചെയ്‌തെന്നും ആക്ഷേപമുയർന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി ലഭിച്ചതോടെയാണ് ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള അമേരിക്കൻ പ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പറഞ്ഞ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി. ട്രംപിന്റെ നടപടി ഭരണഘടനയ്ക്ക് വിരുദ്ധവും ദേശസുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്നതാണെന്നും പെലോസി കുറ്റപ്പെടുത്തി.

അതേസമയം, വളരെ രൂക്ഷമായാണ് ട്രംപ് നടപടിയോട് പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭയിൽ സുപ്രധാനമായ ജോലികൾ നടക്കുമ്പോൾ ഡെമോക്രാറ്റുകൾ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്ന് ട്രംപ് പറഞ്ഞു. സ്പീക്കറുടെ നീക്കം രാജ്യത്തിന് തന്നെ അപമാനമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. സെലിൻസ്‌കിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിടാൻ തയ്യാറാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ, 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ട്രംപിന് ഇംപീച്ച്‌മെന്റ് നടപടികൾ തിരിച്ചടിയായേക്കുമെന്നാണ് പൊതുവിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top