Advertisement

വിഷ്ണു വിനോദും സഞ്ജുവും തിളങ്ങി; എന്നിട്ടും കേരളത്തിനു തോൽവി

September 28, 2019
Google News 0 minutes Read

വിഷ്ണു വിനോദും സഞ്ജു സാംസണും തിളങ്ങിയെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. കർണാടകയോട് 60 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ഇതോടെ കളിച്ച മൂന്നു മത്സരങ്ങളിൽ ഒന്നു പോലും കേരളത്തിന് ജയിക്കാനായില്ല. ആദ്യ മത്സരം മഴ മുടക്കിയതിനെത്തുടർന്ന് ലഭിച്ച രണ്ട് പോയിൻ്റ് മാത്രമാണ് കേരളത്തിൻ്റെ സമ്പാദ്യം.

ലോകേഷ് രാഹുലിൻ്റെ 131 റൺസ് മികവിൽ കർണാടക 294 റൺസാണ് അടിച്ചു കൂട്ടിയത്. മനീഷ് പാണ്ഡെ 50 റൺസും ശ്രേയാസ് ഗോപാൽ 31 റൺസുമെടുത്തു. കേരളത്തിനായി ബേസിൽ തമ്പിയും കെഎം ആസിഫും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ വിനൂപ് മനോഹരൻ റണ്ണൗട്ടായി. കഴിഞ്ഞ മത്സരത്തിൽ നാലാം നമ്പറിലിറങ്ങിയ സഞ്ജു വൺ ഡൗണായി ക്രീസിലെത്തിയതോടെ റൺസ് ഒഴുകി. വിഷ്ണു വിനോദും സഞ്ജുവും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 107 റൺസ് കൂട്ടിച്ചേർത്തു. 67 റൺസെടുത്തു നിൽക്കെ സഞ്ജു റണ്ണൗട്ടായതാണ് കളിയുടെ ഗതി മാറ്റിയത്. ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (13), സച്ചിൻ ബേബി (26) എന്നിവർ മാത്രമാണ് പിന്നീട് കേരള നിരയിൽ രണ്ടക്കം കണ്ടത്. ഒൻപതാം വിക്കറ്റായി 104 റൺസെടുത്ത വിഷ്ണു വിനോദ് മടങ്ങിയതോടെ കേരളം തോൽവി സമ്മതിച്ചു. 46.4 ഓവറിൽ ലക്ഷ്യത്തിന് 60 റൺസ് അകലെ വെച്ച് കേരളം ഓൾ ഔട്ടായി.

മുൻപ് സൗരാഷ്ട്രക്കെതിരെ നടന്ന മത്സരത്തിലും കേരളം പരാജയപ്പെട്ടിരുന്നു. മൂന്നു വിക്കറ്റിനാണ് സൗരാഷ്ട്ര വിജയിച്ചത്. ആ മത്സരത്തിൽ വിഷ്ണു വിനോദ് (41), വിനൂപ് മനോഹരൻ (47) എന്നിവരാണ് കേരളത്തിനു വേണ്ടി തിളങ്ങിയത്. റോബിൻ ഉത്തപ്പ അഞ്ച് റൺസെടുത്തും സഞ്ജു 16 റൺസെടുത്തും സച്ചിൻ ബേബി 26 റൺസെടുത്തും പുറത്തായിരുന്നു.

എലൈറ്റ് ഗ്രൂപ്പ് എയിൽ എട്ടാമതാണ് കേരളം. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച കർണാടകയാണ് പട്ടികയിൽ ഒന്നാമത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here