‘2012-14 കാലയളവിൽ എറണാകുളത്ത് മകന്റെ പേരിൽ 3.3 കോടിക്ക് സ്ഥലം വാങ്ങി’ : വെളിപ്പെടുത്തലുമായി ടിഒ സൂരജ്

പാലാരിവട്ടം മേൽപാലം അഴിമതികേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ കൂടുതൽ കുരുക്കിലാക്കി വിജിലൻസിന്റെ സത്യവാങ്മൂലം. സൂരജ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവുകൾ ഉൾപ്പെടെ നിരത്തിയാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 2012-14 കാലയളവിൽ എറണാകുളത്ത് മകന്റെ പേരിൽ 3.3 കോടിക്ക് സ്ഥലം വാങ്ങിയതായി ടിഒ സൂരജ് വെളിപ്പെടുത്തി. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവർത്തിച്ചതായും വിജിലൻസ് കോടതിയെ അറിയിച്ചു.

പാലാരിവട്ടം മേൽപ്പാല നിർമാണം നടന്ന 2012-14 കാലഘട്ടത്തിൽ ടിഒ സൂരജ് പല ബിനാമി പേരുകളിൽ കോടികൾ വിലമതിക്കുന്ന ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട് .  2014ൽ ഇടപ്പള്ളിയിൽ മകന്റെ പേരിൽ ഇടപ്പള്ളിയിൽ 15 സെന്റ് സ്ഥലവും വീടും വാങ്ങി. 3.30 കോടി രൂപയാണ് ഭൂമി വാങ്ങാൻ വിനിയോഗിച്ചതെങ്കിലും ആധാരത്തിൽ കാണിച്ചത് 1.4 കോടിരൂപ മാത്രമാണ്. ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ചോദ്യം ചെയ്ത ഘട്ടത്തിൽ ടി ഒ സൂരജ് സമ്മതിച്ചതായും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂൽ വിശദീകരിക്കുന്നു. കരാറുകാരന് നൽകിയ മുൻകൂർ തുകയ്ക്ക് പലിശ കുറച്ചതുവഴി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വിജിലൻസ് കോടതിയിൽ സമർപ്പച്ച റിപോർട്ടിലുണ്ട്.

Read Also : പാലാരിവട്ടം പാലം അഴിമതി; കേസിൽ മുഹമ്മദ് ഹനീഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ടിഒ സൂരജ്

ടിഒ സൂരജിനെ ജയിലെത്തി ചോദ്യം ചെയ്തപ്പോഴും മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണങ്ങൾ ആവർത്തിച്ചു. മന്ത്രിയുടെ പങ്കിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഇതിന് കൂടുതൽ സമയം വേണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു. ടിഒ സൂരജ് ഉൾപ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് വിജിലൻസ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top