ഉത്തരേന്ത്യയിൽ മഴക്കെടുതി; മരിച്ചവരുടെ എണ്ണം 120 കടന്നു; പ്രളയബാധിത മേഖകലകളിൽ റെഡ് അലേർട്ട്

നാല് ദിവസത്തിനിടെ ഉത്തരേന്ത്യയിൽ പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 120 കടന്നു. ഉത്തർപ്രദേശിൽ മാത്രം 87 പേരാണ് മരിച്ചത്. പ്രളയ ബാധിത മേഖലകളിൽ റെഡ് അലേർട്ട് തുടരുകയാണ്. രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ബിഹാർ മുഖ്യ മന്ത്രി നിതീഷ് കുമാർ കുറ്റപ്പെടുത്തി.
ഉത്തരേന്ത്യയിൽ 24 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വെള്ളക്കെട്ട് തുടരുന്നതിനാൽ റെയിൽ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. പ്രളയത്തിൽ കുടുങ്ങിയ മലയാളികളെ ക്യാമ്പുകളിലേക്ക് മാറ്റിയതായി കേരളാ സർക്കാർ പ്രത്യേക പ്രതിനിധി എ സമ്പത്ത് പറഞ്ഞു.
ഉത്തർപ്രദേശിലെ കിഴക്കൻ മേഖയിൽ ദുരിതം തുടരുകയാണ്. പ്രയാഗ് രാജ്, വാരണാസി, അമേഠി, ലക്‌നൗ തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. പ്രളയക്കെടുതി രൂക്ഷമായ ബിഹാറിലെ പാറ്റ്‌നയിൽ 5000 പേരെ മാറ്റിപ്പാർപ്പിച്ചു. 300 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഭക്ഷണത്തിനും ശുദ്ധജലത്തിനും ദൗർബല്യം നേരിടുന്നുണ്ട്. ദാർഭൻഗ, ഭാഗൽപൂർ, വെസ്റ്റ് ചമ്പാരൻ ജില്ലകളിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ച വരെ അവധി നൽകി. ദേശീയ ദുരന്ത നിവാരണ സേനയുടെ 19 സംഘത്തിന്റെ നേത്യത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉത്തരാഖണ്ഡിലെ ഭദ്രിനാഥിൽ കുടുങ്ങിയ 4000 തീർത്ഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ പൂനെയിൽ 22 പേരും മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവടങ്ങളിലായി 18 പേരും മരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here