ആദായ നികുതി ഘടനയിൽ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്

– ആർ രാധാകൃഷ്ണൻ
ആദായ നികുതി ഇളവുകൾ നൽകാൻ കേന്ദ്രസർക്കാർ തിരുമാനം. ദീപാവലിക്ക് മുന്നോടിയായി രാജ്യത്തെ മധ്യവർഗ്ഗ സമൂഹത്തിന് ഗുണം ലഭിക്കും വിധം ആദായ നികുതി ഘടനയിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിക്കും. വ്യക്തിഗത ആദായ നികുതി സ്ലാബിലാകും കേന്ദ്രസർക്കാർ മാറ്റം കൊണ്ടുവരിക. ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്.
കോർപ്പറേറ്റ് സമൂഹത്തെ സന്തോഷിപ്പിച്ച നികുതി ഇളവ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ മധ്യവർഗ്ഗ സമൂഹത്തെ ലക്ഷ്യമിടുകയാണ് കേന്ദ്രസർക്കാർ. ആദായ നികുതി ഘടനയിൽ കാതലായ പൊളിച്ചെഴുത്താകും ഇതിന്റെ ഭാഗമായി ദിവസങ്ങൾക്കുള്ളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. നികുതി പരിഷ്‌ക്കരണ നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെട്ട ടാസ്‌ക് ഫോഴ്‌സ് സമർപ്പിച്ച ശുപാർശകളിൽ ചിലതാകും കേന്ദ്രസർക്കാർ പ്രഖ്യാപി്ക്കുന്നത്.
നിലവിൽ 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനം ഉള്ളവർക്ക് ആദായ നികുതി 20 ശതമാനമാണ്. ഇത് പത്ത് ശതമാനമായി കുറയ്ക്കും. പത്ത് ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനം ഉള്ളവർക്ക് നിലവിൽ ആദായ നികുതി 30 ശതമാനമാണ്. ഇത് 20 ശതമാനമായ് ഇളവ് ചെയ്യും. ഇപ്പോൾ 3 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനം ഉള്ളവർക്ക് 5 ശതമാനമാണ് ആദായനികുതി. ഇത് പൂർണ്ണമായും ഒഴിവാക്കും.
അഞ്ച് ലക്ഷം വരെയുള്ള വാർഷിക വരുമാനത്തെ അടുത്ത വർഷം മുതൽ ആദായ നികുതി മുക്തമാക്കും എന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഫലത്തിൽ ഇതാകും നടപ്പിൽ വരിക. ആദയനികിതി സ്ലാബുകൾ പരിഷക്കരിക്കുക വഴി രാജ്യത്തെ മധ്യവർഗ സമൂഹത്തിന്റെ ചെലവാക്കൽ ശീലം പ്രോത്സാഹിപ്പിക്കാനാകും എന്നാണ് കേന്ദ്രസർക്കാർ നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here