ഗുരുവായൂർ ക്ഷേത്രത്തിൽ മോഷണം; കരാറുകാർ കയ്യോടെ പിടിയിലായി

ഗുരുവായൂർ ക്ഷേത്രം തുലഭാര കൗണ്ടറിൽ നിന്ന് കശുവണ്ടി മോഷ്ടിച്ച കരാറുകാരന്റെ കരാർ റദ്ദാക്കി. കരാറുകാരൻ മനോജ്, മനോജിന്റെ സഹായി പ്രമോദ് എന്നിവർ ചേർന്നാണ് മോഷണം നടത്തിയത്. ഇവർക്കെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
എട്ട് കിലോ ഭാരമുള്ള കുട്ടിയ്ക്ക് തുലാഭാരം നടത്തിയ കശുവണ്ടിയാണ് തുലാഭാര കൗണ്ടറിൽ നിന്ന് കാണാതായത്. വഴിപാടുകാർ തന്നെ കൊണ്ടുവന്നതായിരുന്നു കശുവണ്ടി. തുലാഭാരം കഴിഞ്ഞ് സ്റ്റോക്ക് ഒത്തുനോക്കുമ്പോഴാണ് കശുവണ്ടി കാണാനില്ലെന്ന കാര്യം ക്ലാർക്കിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ക്ലാർക്ക് അറിയിച്ചതനുസരിച്ച് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ദേവസ്വം ഭരണസമിതിയ്ക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
സെപ്തംബർ 29ന് രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിലാണ് സംഭവം നടക്കുന്നത്. തുലാഭാരം വഴിപാടുകൾ രസീത് അടച്ച് സംഖ്യ വാങ്ങുന്ന ക്ഷേത്രം കഌർക്കുമാരുടെ ശ്രദ്ധ തെറ്റിച്ചാണ് കൃത്യം നടത്തിയത്. ഭക്തന്മാർ കൊണ്ടുവരുന്ന സാധനങ്ങൾ കൊണ്ട് തുലാഭാരം നടത്തിയാൽ ആ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തി ക്ഷേത്രം ജീവനക്കാരായ ക്ലാർക്കുമാരുടെ ചുമതലയിൽ ഏൽപ്പിക്കുകയാണ് നടപടിക്രമം. പരാതിക്കിടയായ തുലാഭാരം നടത്തിയതിന്റെ ദ്രവ്യം ക്ഷേത്രം ജീവനക്കാരെ ഏൽപ്പിക്കുകയോ രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ ചെയ്യാതെ മാറ്റിവെച്ച് ക്ലാർക്കുമാരുടെ ശ്രദ്ധ പതിയാത്തവിധം ക്ഷേത്ര തുലാഭാര കൗണ്ടറിന് സമീപത്ത് നിന്ന് എടുത്തുകൊണ്ടുപോകുകയായിരുന്നു.
Read Also : തിരുപ്പതി ലഡുവിൽ ഇനി കൊല്ലത്തെ കശുവണ്ടിയും
തുലാഭാരം നടത്തിയ കശുവണ്ടി രജിസ്റ്ററിൽ രേഖപ്പെടുത്താതെയും സ്ഥലത്ത് ലഭ്യമാകാതെയും കണ്ടതിനെ തുടർന്ന് സിസിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുറ്റകൃത്യം വ്യക്തമായത്. ഇക്കാര്യം പരിശോധിക്കാൻ ഇന്ന് ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിൽ കരാറുകാരന്റെ കരാർ റദ്ദുചെയ്യുന്നതിനും, അയാളെയും പ്രമോദിനെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനമായി. ഇതിന് പുറമെ തുലാഭാരം കൗണ്ടറിന്റെ തുടർന്നുള്ള നടത്തിപ്പിന് തുലാഭാര വഴിപാട് നടത്താൻ ടെൻഡർ സമർപ്പിച്ചിരുന്ന മുൻവർഷത്തെ കരാറുകാരനെ നിലവിലുള്ള നിരക്കിൽ ഒരു വർഷത്തെ കരാർ ഏൽപ്പിക്കുന്നതിനും ഇന്ന് അത്താഴപൂജയ്ക്ക് ശേഷം പുതിയ കരാറകാരന് പ്രവർത്തി കൈമാറാനും ഭരണസമിതി തീരുമാനിച്ചു. മോഷണക്കുറ്റത്തിന് കരാറുകാരന്റെയും ജീവനക്കാരന്റെയും പേരിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാനും തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here