മരടിൽ ഇതുവരെ ഒഴിഞ്ഞത് 243 ഫ്‌ളാറ്റ് ഉടമകൾ

മരടിൽ സുപ്രിംകോടതി പൊളിക്കാൻ നിർദേശിച്ച ഫ്‌ളാറ്റുകളിൽ നിന്ന് ഇതുവരെ ഒഴിഞ്ഞത് 243 ഉടമകൾ. 83 കുടുംബങ്ങൾ ഇനിയും ഒഴിയാനുണ്ട്. അതിനിടെ ഫ്‌ളാറ്റുകളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.
ഇന്ന് പന്ത്രണ്ട് മണിക്കുള്ളിൽ ഫ്‌ളാറ്റുകളിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞു പോകണമെന്നായിരുന്നു നിർദേശം. എന്നാൽ ഇനിയും സാധനങ്ങൾ മാറ്റാൻ കഴിയാത്തവർക്ക് കൂടുതൽ സമയം അനുവദിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഫ്‌ളാറ്റുകളിലെ താമസക്കാരുമായി സഹകരിച്ച് നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും കളക്ടർ സുഹാസ് പറഞ്ഞു.
നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി 343 അപ്പാർട്‌മെന്റുകളാണ് ഉള്ളത്. സാധനങ്ങൾ നീക്കം ചെയ്യുന്നതിന് സഹായിക്കാനായി 20 വളണ്ടിയർമാരെ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നാല് ഫ്‌ളാറ്റുകളിലേക്കായി 24 മണിക്കൂർ പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. 198 കുടുംബങ്ങളിൽ 94 പേരാണ് പുനരധിവാസം ആവശ്യപ്പെട്ടത്. പുനരധിവാസത്തിനായി 42 ഫ്‌ളാറ്റുകൾ തയ്യാറായിട്ടുണ്ടെന്നും ആവശ്യക്കാർക്ക് ജില്ലാ ഭരണകൂടത്തെ സമീപിക്കാമെന്നും കളക്ടർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here