Advertisement

സയനൈഡ് നിശബ്ദ കൊലയാളിയല്ല; കഴിച്ചാൽ നെഞ്ച് പിളർക്കുന്ന വേദന

October 5, 2019
Google News 1 minute Read

ഒരു ഇടവേളയ്ക്കു ശേഷം സയനൈഡ് വീണ്ടും ചർച്ചയാവുകയാണ്. കൂടത്തായിയിൽ സൈലന്റ് കില്ലിംഗിനായി പ്രതികൾ തെരഞ്ഞെടുത്തത് മാരക രാസവസ്തുവായ സയനൈഡ് തന്നെ.
സയനെഡ് ഒരു തരി ഉള്ളിൽ ചെന്നാൽ വേദനയില്ലാതെ മരിക്കാമെന്ന ധാരണ തെറ്റാണ്. മരണം ഉടൻ സംഭവിക്കുമെങ്കിലും മൂന്ന് മുതൽ അഞ്ച് മിനിട്ട് വരെ അതി കഠിനമായ നെഞ്ച് വേദന അനുഭവപ്പെടും.

KCN എന്ന് രാസസൂത്രമുള്ള ഒരു സയുക്തമാണ് പൊട്ടാസ്യം സയനൈഡ്. പഞ്ചസാരയോടു സാമ്യമുള്ള ജലത്തിൽ ലയിക്കുന്ന, നിറമില്ലാത്ത ക്രിസ്റ്റൽ രൂപത്തിലുള്ള ലവണമാണ്. തീക്ഷ്ണമായ എരിവു കലർന്ന രുചിയാണെന്ന് ഗവേഷകർ പറയുന്നു.

അതികഠിനമായ വേദനയ്‌ക്കൊടുവിൽ മരണം

ഉള്ളിൽ ചെന്നാൽ വേദനകൊണ്ട് പുളയും. ഛർദിയും അസഹ്യമായ തലവേദനയും അനുഭവപ്പെടും. മുഖം ചുവന്നു തുടുക്കും. ശരീരത്തിലെത്തി അതിവേഗം രക്തത്തിൽ കലരും. ക്രമേണ രക്തത്തിലെ കോശങ്ങൾക്ക് ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരും. രക്തത്തിന്റെ നിറം മാറി തിളക്കമുള്ള ചുവന്ന നിറമാകും. ഭീതിപ്പെടുത്തുന്ന പരാക്രമങ്ങൾക്കൊടുവിൽ മരണം സംഭവിക്കും.

കാർബണും നൈട്രജനുമാണ് സയനൈഡിൽ അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യം സയനൈഡും ഹൈഡ്രജൻ സയനെഡും സോഡിയം സയനൈഡുമെല്ലാം മാരകമായ വിഷങ്ങളാണ്. ഇവ ഉള്ളിൽ ചെന്നാൽ മരിക്കാൻ എടുക്കുന്ന സമയം വ്യത്യസ്തമാണ്.

ഹൈഡ്രജൻ സയനൈഡ് പൊട്ടാസ്യം ഹൈഡ്രോക്‌സൈഡിന്റെ ലായനിയുമായി പ്രവർത്തിപ്പിച്ചശേഷം ശൂന്യതയിൽ ആ ലായനി ബാഷ്പീകരിച്ചാണ് പൊട്ടാസ്യം സയനൈഡ് ഉണ്ടാക്കുന്നത്. ഫോർമമൈഡും പൊട്ടാസ്യം ഹൈഡ്രോക്‌സൈഡുമായി പ്രവർത്തിപ്പിച്ചും സൈനഡ് ഉണ്ടാക്കാം.

സയനൈഡ് ഉള്ളിൽ എത്തുന്നതിന്റെ അളവ് അനുസരിച്ചാണ് മരണത്തിന്റെ വേഗത നിശ്ചയിക്കുന്നത്. 50 മുതൽ 60 വരെ മില്ലീഗ്രാം ഹൈഡ്രജൻ സയനൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം. 200 മുതൽ 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. ഹൈഡ്രജൻ സയനൈഡ് ഉള്ളിൽ ചെന്നാൽ 2 മുതൽ 10 വരെ മിനിട്ടുവരെയും സോഡിയം- പൊട്ടാസ്യം സയനൈഡാണെങ്കിൽ 30 മിനിട്ടുമാണ് മരിക്കാനെടുക്കുന്ന സമയം. ഇനി വിഷമുള്ളിൽ ചെന്ന് തക്ക സമയത്ത് രക്ഷിച്ചാലും പിന്നീടുള്ള ജീവിതത്തിലും ശാരീരിക അവശതകൾ നേരിടേണ്ടതായി വരും.

സയനൈഡ് നിയന്ത്രണ വിധേയം

സാധാരണക്കാർക്ക് എളുപ്പം കിട്ടുന്ന ഒന്നല്ല പൊട്ടാസ്യം സയനൈഡ്. ജ്വല്ലറി പണികൾക്കും ഇലക്ട്രോ പ്ലേറ്റിനും ചില വ്യവസായങ്ങൾക്കും ലബോറട്ടറികൾക്കുമാണ് സയനൈഡ് ലവണങ്ങൾ ഉപയോഗിക്കുന്നത്. നിയന്ത്രണങ്ങൾക്കു വിധേയമായാണ് ലാബുകളിൽനിന്ന് സ്വർണപ്പണിക്കാർക്കു സയനൈഡ് നൽകുന്നത്. സയനൈഡ് ഉപയോഗിക്കുന്നതിന് ലാബുകൾക്കും നിയന്ത്രണമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here