പാവറട്ടി കസ്റ്റഡി മരണം; സ്‌പെഷ്യൽ സ്‌ക്വാഡ് ഡ്രൈവർ ശ്രീജിത്ത് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

പാവറട്ടി കസ്റ്റഡി കൊലപാതകക്കേസിൽ കുറ്റാരോപിതനായ സ്‌പെഷ്യൽ സ്‌ക്വാഡ് ഡ്രൈവർ ശ്രീജിത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിന് ശേഷം ശ്രീജിത്തിനെ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിൽ രഞ്ജിത്തിനെ മർദിച്ചവരെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം കിട്ടിയതായാണ് സൂചന.

കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിൽ എടുത്ത ദിവസം വാഹനം ഓടിച്ചിരുന്ന എക്‌സൈസ് ഡ്രൈവർ ശ്രീജിത്ത്, അന്വേഷണ സംഘത്തിന്റെ നോട്ടീസ് കിട്ടിയതിന് പിന്നാലെ പൊലീസിന് മുന്നിൽ ഹാജരായി. തുടർന്ന് മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ശ്രീജിത്തിനെ വിട്ടയച്ചു. സംഭവത്തിൽ ശ്രീജിത്തിന് നേരിട്ട് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ വാഹനത്തിൽ വെച്ച് രഞ്ജിത്തിനെ മർദിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന.

Read Also : പാവറട്ടി കസ്റ്റഡി കൊലപാതകം; എട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഒരു ദിവസത്തെ സമയപരിധി നൽകി കൊണ്ട് കേസിൽ കുറ്റാരോപിതരായ എട്ട് ഉദ്യോഗസ്ഥരോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശ്രീജിത്ത് അല്ലാതെ മറ്റെല്ലാവരും ഒളിവിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പോലിസ് കേസിൽ പ്രതി ചേർത്തിട്ടില്ല. പ്രതികളെ കുറിച്ച് സൂചന ലഭ്യമായ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുന്നതിലേക്ക് പൊലീസ് നീങ്ങുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More