‘കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു; ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയം ഉണ്ടായിരുന്നു’ : ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു

ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് രണ്ടാംഭർത്താവ് ഷാജു. ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയം ഉണ്ടായിരുന്നുവെന്നും ഇതിനാലാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ഷാജു പറയുന്നു. ഷാജുവിനെ നിലവിൽ വടകര എസ്പി ഓഫീസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും വിവാഹത്തിന് മുൻകൈ എടുത്തത് ജോളിയാണെന്നും ഷാജു ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷാജു കുടുംബപ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഷാജു നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
ജോളി പൊലീസ് പിടിയിലായതോടെ ജോളിയെ തള്ളി ഷാജു രംഗത്തെത്തിയിരുന്നു. ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്നും തെളിവ് ശക്തമെങ്കിൽ ജോളി തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുമെന്നും ഷാജു വ്യക്തമാക്കിയിരുന്നു. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാമെന്നും ഷാജു പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഷാജുവിന്റെയും ജോളിയുടേയും മൊഴികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here