‘ലസ്റ്റ് സ്റ്റോറീസ്’ തെലുങ്കിലേക്ക്; അമല പോൾ മുഖ്യ വേഷത്തിൽ
ഇന്ത്യയൊട്ടാകെ വലിയ ചർച്ചയായ നെറ്റ്ഫ്ലിക്സ് സീരീസ് ‘ലസ്റ്റ് സ്റ്റോറീസ്’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെന്നിന്ത്യൻ നടി അമല പോൾ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നന്ദിനി റെഡ്ഡിയുടെ സംവിധാനത്തിൽ റോണി സ്ക്രൂവാലയാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
നാല് ഭാഗങ്ങളായി ഒരുങ്ങിയ ആന്തോളജി ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിലാണ് അമല പോൾ നായികയാകുന്നത്. രാധിക ആപ്തെ അവതരിപ്പിച്ച കഥാപാത്രമാണ് അമല അവതരിപ്പിക്കുക. തരുണ്‍ ഭാസ്കര്‍, സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവരാണ് ബാക്കി മൂന്ന് ഭാഗങ്ങൾ സംവിധാനം ചെയ്യുന്നത്. ഇതിലെ കഥാപാത്രങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നെറ്റ്ഫ്ലിക്സ് സീരീസായി കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയതാണ് ലസ്റ്റ് സ്റ്റോറീസ്. സ്ത്രീ ലൈംഗികതയെപ്പറ്റി സംസാരിക്കുന്ന സീരീസ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തെളിച്ചിരുന്നു. കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നിവരായിരുന്നു സംവിധാനം. രാധിക ആപ്തെയ്ക്കൊപ്പം മനിഷ കൊയ്രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് ലസ്റ്റ് സ്റ്റോറീസിലെ മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here