Advertisement

‘ജോളി’മാരെ സൂക്ഷിക്കണോ…? അത്ര പേടിക്കേണ്ട പേരാണോ ജോളി..?

October 10, 2019
Google News 4 minutes Read

ഇന്ന് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പേരാണ് ‘ജോളി’. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പ്രതി പൊലീസ് പിടിയിലാകുന്നതോടെയാണ് ‘ജോളി’ എന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. കേരളത്തില്‍ മാത്രമല്ല, സംസ്ഥാനത്തിനകത്തും പുറത്തും, എന്തിനേറെ സീമകള്‍ മറികടന്ന് പാകിസ്താനില്‍ വരെ ജോളിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ കൂടത്തായി കൊലപാതകത്തെ കുറിച്ച് ട്രോളുകളും പുറത്തുവരുന്നുണ്ട്. ട്രോളന്മാര്‍ കയ്യടക്കി വാഴുന്ന ഈ സോഷ്യല്‍ മീഡിയ കാലത്ത് ഒരു വിഷയം വീണുകിട്ടിയാല്‍ അതേകുറിച്ച് ട്രോളുകള്‍ ഉണ്ടാവുക സ്വാഭാവികം. പലപ്പോഴും സര്‍ക്കാസവും, ശുദ്ധ ഹാസ്യവും കണ്ടുവരുന്ന ട്രോള്‍ ലോകത്ത് എന്നാല്‍ കൂടത്തായി കേസോടെ കടന്നുകയറിയിരിക്കുന്നത് കടുത്ത സ്ത്രീ വിരുദ്ധതയാണ്.

Read Also: മരണ സമയത്ത് റോയിയുടെ ശരീരത്തിൽ തകിട്; വിശദമായി അന്വേഷിക്കാൻ പൊലീസ്

ജോളി എന്ന് പേരുള്ളവരെ സൂക്ഷിക്കണമെന്നതടക്കമുള്ള രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ജോളി ആട്ടിന്‍സൂപ്പ് തന്നാല്‍ സൂക്ഷിക്കണമെന്നും, ഭക്ഷണം ഇനി മുതല്‍ ആദ്യം ഭാര്യയ്ക്ക് നല്‍കിയ ശേഷം മാത്രമേ കഴിക്കുകയുള്ളു, തുടങ്ങി നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ പുരോഗമിക്കുന്നത്. ഒരാള്‍ ചെയ്ത കുറ്റത്തിന് സ്ത്രീകളെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ഇത്തരക്കാര്‍ എന്ന വസ്തുത ഇവര്‍ മറക്കുന്നു. കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണം പലപ്പോഴും മൊത്തം സ്ത്രീ സമൂഹത്തിനെതിരായ ആക്രമണത്തിലേക്ക് വഴിമാറുന്ന കാഴ്ച്ചയാണ് നിലവില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ ഇനിയും ജോളിമാര്‍ ഉണ്ടാകുമെന്നും എല്ലാ ദിവസവും വൈകുന്നേരം ടിവി സീരിയല്‍ കാണുന്ന എല്ലാ സ്ത്രീകളിലും ഒരു ജോളി ജനിക്കുന്നുവെന്നും മിനി തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

മിനി തോമസിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ്.

ഇന്ന് കേരളമാകെ ചര്‍ച്ച ചെയ്യുന്നത് കുടുംബാംഗങ്ങളെ എല്ലാം വിഷം കൊടുത്ത് കൊന്ന ജോളിയെ കുറിച്ചാണ്, നിങ്ങള്‍ക്കൊരു സത്യമറിയാമോ നിങ്ങളുടെ കുടുംബത്തിലും ഒരു ജോളി വളര്‍ന്നു വരുന്നുണ്ടെന്ന്. എല്ലാ ദിവസവും വൈകുന്നേരം ടിവി സീരിയല്‍ കാണുന്ന എല്ലാ സ്ത്രീകളിലും ഒരു ജോളി ജനിക്കുന്നു.
നിരന്തരമായി പകയുടെയും വെറുപ്പിന്റെയും ചതിയുടെയും കൊലപാതകങ്ങളുടെ നടത്തിപ്പിനുള്ള പല വഴികള്‍ ദിവസവും ജനങ്ങളെ ഈ സീരിയലുകള്‍ പഠിപ്പിക്കുന്നു.
അഴിമതി നടത്തുവാന്‍ മാത്രം താല്‍പര്യമുള്ള സര്‍ക്കാര്‍ സംവിധാനം ഇത് കണ്ടില്ല എന്ന് നടിക്കുന്നു.
ഒരു സമൂഹത്തിനെ മുഴുവന്‍ നശിപ്പിക്കുവാന്‍ ഈ സീരിയലുകള്‍ക്ക് കഴിയും, കൊലയാളികളെ സൃഷ്ടിക്കുവാനും
ഇവിടെ ഒരു ഭരണ സംവിധാനമുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഇത്തരം നെഗറ്റീവ് മെസേജുകള്‍ കൊടുത്ത് സമൂഹത്തിനെ ഒന്നാകെ നശിപ്പിക്കുന്ന സീരിയലുകള്‍ നിരോധിക്കുക, പകരം നന്‍മയുടെയും സ്‌നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകള്‍ കൊടുത്ത് ഒരു നല്ല സമൂഹത്തിനെ സൃഷ്ടിക്കുക’
ഷെയര്‍ ചെയ്യൂ തിമിരം ബാധിച്ചവര്‍ കണ്ടാലോ?? ‘

ജോളി കൊലപാതകങ്ങള്‍ നടത്തിയത് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ഇനി ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കണമെന്ന ട്രോളുകള്‍ പുറത്തിറങ്ങി തുടങ്ങി. ഇതിനെതിരെയും നിരവധി പ്രതികരണങ്ങള്‍ ഉണ്ടായി. ഇതിനെക്കുറിച്ച്

ശ്രീലക്ഷ്മി ശ്രീക്കുട്ടി എന്നയാള്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്

ജോളി സയനൈഡ് കൊടുത്തു കൊന്നു എന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ തൊട്ട് കാണുന്നതാ ആദ്യം ഭാര്യക്ക് കൊടുത്തിട്ടു കഴിച്ചാല്‍ മതി അല്ലങ്കില്‍ പൂച്ചക്കോ പട്ടിക്കോ കൊടുത്തിട്ട് കഴിച്ചാല്‍ മതി എന്ന്. ഒറ്റക്കാര്യം ചോദിക്കട്ടെ ഇത്രേം നാളും ഭാര്യ ഉണ്ടാക്കിയ ഭക്ഷണം അല്ലെനിങ്ങളാരും കഴിച്ചത്. ട്രോള്‍ ഒക്കെ ആവാം പക്ഷെ എല്ലാത്തിനും ഒരു പരിധി ഉണ്ട്.ജോലിക്ക് പോകുന്നവരും അല്ലാത്തവരും ആയ ഒരു പാട് സ്ത്രീകള്‍ ഉണ്ട്. അവരൊക്കെ ഓടിനടന്നു നിങ്ങള്‍ക് ഉള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്നത് വിഷം അല്ല മറിച്ചു അതില്‍ മുഴുവന്‍ നിങ്ങളോട് ഉള്ള സ്‌നേഹവും കരുതലും ആണ്…
വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം വിശ്വാസം ഉള്ളവര്‍ മാത്രം കഴിച്ചാല്‍ മതി……..’

ഷാജന്‍ മൂന്നാര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

‘ ജോളിയെ പെണ്ണിനോട് ഉപമിക്കുന്നവരോട്…… ഞാന്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ ആണ്… ഒരു സ്‌നേഹ നിധിയായ പെണ്ണിന്റെ ഭര്‍ത്താവ് ആണ്…സ്വന്തം പെങ്ങള്‍ ഇല്ലേലും അറിയാവുന്ന പെണ്‍കുട്ടികള്‍ ആയ ഒത്തിരി സഹോദരിമാരുടെ ആങ്ങളയാണ്……. അതിലുപരി എന്റെ പൊന്നമ്മയുടെ മകനാണ്….. അതുകൊണ്ട് അവളെ വെച്ച് ഒരു പെണ്ണിനെയും താരതമ്യം ചെയ്യാന്‍ ഞാന്‍ നില്‍ക്കില്ല….. അറിഞ്ഞുകൊണ്ട് അനുവദിക്കത്തും ഇല്ല ……എന്നും പറഞ്ഞ് എല്ലാ സ്ത്രീകളും നല്ലവരും അല്ലട്ടോ…...’

Read Also: കുറ്റസമ്മതം നടത്തിയിട്ടില്ല; കുരുക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു ഷാജു

ഫെബിന്‍ അലന്‍ കുമ്പാരി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ ഇന്നലെ മുതല്‍ ഫീഡില്‍ നിറയുന്ന തമാശ (?) ഭാര്യ ചായ ഇട്ടോണ്ട് വന്നാലോ, കാമുകി സൂപ്പ് ഉണ്ടാക്കി തന്നാലോ ഒക്കെ ആദ്യം അവരെ കൊണ്ട് കഴിപ്പിച്ചു വിഷമില്ല എന്ന് ഉറപ്പ് വരുത്തിയിട്ടെ ആണുങ്ങള്‍ കഴിക്കാവൂ എന്നൊക്കെയുള്ള വൃത്തികേടുകളാണ്.
ചരിത്രാതീത കാലം മുതലിങ്ങോട്ട് താഴേക്ക്, ഇന്നലെ വരെ നോക്കിയാല്‍ മനുഷ്യവംശത്തില്‍ ആണ്‍കൂട്ടങ്ങളും ആണ്‍കൂട്ട ആള്‍ക്കൂട്ടങ്ങളും കൊന്നു തള്ളിയതിന്റെ ഒരു ശതമാനം പോലും ഒരു പെണ്ണും കൊന്നിട്ടില്ല.
എന്നാലും ഒരു ഗ്യാപ് കിട്ടുമ്പോ അങ്ങ് ചറപറാ ഗോളടിക്കുവാ.
ഭാര്യയേം അമ്മേനേം കാമുകിയെയുമൊക്കെ അത്രക്ക് സംശയമാണെങ്കില്‍ അടുക്കളയില്‍ കേറി വിഷമില്ലാത്ത ചായേം സൂപ്പും സ്വന്തമായി അങ്ങ് ഉണ്ടാക്കി തിന്നരുതോ?
ഒരു മര്യാദയൊക്കെ വേണ്ടേ ഡേ എന്നല്ല, ഒരിച്ചിരി ഉളുപ്പ്?

ഐഷാ മഹമ്മൂദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

1 .ഫെമിനിസ്റ്റുകള്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിട്ടില്ല. ആരംഭിക്കുമ്പോള്‍ എല്ലാരേയും കണ്ടു അനുഗ്രഹം വാങ്ങിക്കോളാമെ റാനെ!
2 . ആട്ടിന്‍സൂപ്പ് വെച്ച് കുടിക്കുന്നുണ്ട്. ഇനീം കുടിക്കും.
3. ‘കൂടെ കിടക്കുന്നവളെ’ ഇപ്പഴും ‘എന്ത് വിശ്വസിച്ചാണ്’ എന്ന് തോന്നുന്നുണ്ടെകില്‍ ഒരു മിനിറ്റ് നില്‍ക്കരുത്, പായയും തലയാണിയും എടുത്ത് ഇപ്പൊ ഇറങ്ങണം. സംശയരോഗം ഉടനെ ചികില്‍സിച്ചാല്‍ പ്രാന്താവാതെ കയിച്ചലാവാം.
ഓക്കേ. ബൈ.

അലീന ആകാശമിട്ടായിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സയനേഡ് കൊലപാതകം നടക്കുന്നു.
ആണുങ്ങള്‍ : ‘ആദ്യത്തെ ഉരുള ഇനി മുതല്‍ ഭാര്യക്ക്’
വര്‍ഷം തോറും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് മൂന്ന് ലക്ഷത്തിലധികം കേസുകള്‍.

Same ആണുങ്ങള്‍ : not all men.
You see the irony, don’t you?

ഒരു ജോളി ചെയ്ത തെറ്റിന് ലോകത്തെ എല്ലാ ജോളി മാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തണോ ? ഒരു ജോളി ചെയ്ത തെറ്റിന് ലോകത്തെ സ്ത്രീകളെ മുഴുവന്‍ അവിശ്വസിക്കണോ ? ഒരു ജോളി ചെയ്ത തെറ്റിന് സ്ത്രീകളെ ഒന്നടങ്കം ‘കില്ലര്‍’മാരായി ചിത്രീകരിക്കണോ ? ചോദ്യം സമൂഹത്തോടാണ്…ട്രോളുകളും ഹാസ്യവുമെല്ലാം നല്ലതുതന്നെ…എന്നാല്‍ മനുഷ്യത്വ രഹിതവും, സ്ത്രീ വിരുദ്ധവുമായ ഇത്തരം ട്രോളുകള്‍ വെറും ‘തമാശ’ യായി കാണാന്‍ സാധിക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here