Advertisement

മറക്കാനാകുമോ മലയാളിക്ക് നവാബ് രാജേന്ദ്രനെ..?

October 10, 2019
Google News 1 minute Read

നവാബ് രാജേന്ദ്രന്‍,
ഹൈക്കോര്‍ട്ട് വരാന്ത,
കൊച്ചി

ഒരുകാലത്ത് ഒരുപാടാളുകള്‍ കത്തയച്ചിരുന്നൊരു മേല്‍വിലാസമായിരുന്നു ഇത്. കൃത്യമായ മേല്‍വിലാസമോ, പോസ്റ്റ് ഓഫീസ് നമ്പരോ ഒന്നുമില്ലെങ്കില്‍ പോലും ഈ കത്തുകള്‍ ഒന്നും നഷ്ടപ്പെടാതെ നവാബ് രാജേന്ദ്രന്‍ എന്ന ടി.എ. രാജേന്ദ്രന് കൃത്യമായി ലഭിച്ചിരുന്നു. കാരണം നവാബ് രാജേന്ദ്രനുള്ള ഓരോ കത്തിലും ഒരു ജിവിതമോ, നാടിന്റെ ആവശ്യമോ ആണെന്നുള്ള ധാരണ അന്ന് പോസ്റ്റല്‍ വകുപ്പില്‍ ജോലി ചെയ്തിരുന്നവര്‍ക്കുണ്ടായിരുന്നു.

ജയറാമിനെ നായകനാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘വക്കാലത്ത് നാരായണന്‍കുട്ടി’ എന്ന സിനിമ നവാബ് രാജേന്ദ്രന്റെ ജീവിത കഥയില്‍ നിന്നുണ്ടായതാണ്. നവാബ് രാജേന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം….

നിലംമുട്ടുന്ന ജുബ്ബയും തോള്‍സഞ്ചിയും

മലയാളികള്‍ക്ക് അങ്ങനെയൊന്നും മറക്കാനാവാത്ത രൂപമാണ് നവാബ് രാജേന്ദ്രന്റേത്. നിലം മുട്ടുന്ന കാവിമുണ്ടും, ജുബ്ബയും തോള്‍സഞ്ചിയും നീട്ടി വളര്‍ത്തിയ താടിയും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമെല്ലാം നവാബ് രാജേന്ദ്രന്റെ അടയാളപ്പെടുത്തലുകളായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് ടി.എ. രാജേന്ദ്രന്റെ ജനനം. മാധ്യമപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹം തൃശൂരില്‍ നവാബ് എന്ന പേരില്‍ പത്രം ആരംഭിച്ചു. എല്ലാ ദിവസവും സര്‍ക്കാരിന്റെയും സര്‍ക്കാര്‍ വകുപ്പുകളിലെ ചെറുതോ വലുതോ ആയ അഴിമതികളും മറ്റും അദ്ദേഹം തന്റെ പത്രത്തിലൂടെ പുറത്തുകൊണ്ടുവന്നു. ഇത് അദ്ദേഹത്തിന് വളരെയേറെ ശത്രുക്കളെ സൃഷ്ടിച്ചു. ഒടുവില്‍  പത്രം അടച്ചുപൂട്ടേണ്ടി വന്നു. പത്രം പൂട്ടിപ്പോയെങ്കിലും നവാബ് എന്ന പേര് അദ്ദേഹത്തെ വിട്ടുപോയില്ല. പിന്നീടങ്ങോട്ട് രാജേന്ദ്രന്‍ നവാബ് രാജേന്ദ്രന്‍ എന്ന പേരില്‍ അറിയപ്പെട്ടു.

തട്ടില്‍ കൊലക്കേസ്

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തട്ടില്‍ കൊലക്കേസ് എന്നറിയപ്പെടുന്ന തട്ടില്‍ എസ്റ്റേറ്റ് മാനേജരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നവാബ് രാജേന്ദ്രന്റെ പേര് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കൊലപാതകുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ ആദ്യമായി ലഭിച്ചത് നവാബ് രാജേന്ദ്രനാണെന്നാണ് പറയപ്പെടുന്നത്. ഈ തെളിവുകള്‍ കണ്ടെത്തുന്നതിനായി നവാബ് രാജേന്ദ്രനെ പൊലീസ് കൊടിയ മര്‍ദനങ്ങള്‍ക്ക് ഇരയാക്കി. തെളിവുകള്‍ കണ്ടെത്താനായി പൊലീസ് പല വഴികളും ഉപയോഗിച്ചു. പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മുന്‍നിരയിലെ പല്ലുകള്‍ പോലും നഷ്ടപ്പെട്ടു.

അനീതിക്കെതിരെയുള്ള പോരാട്ടം

പൊലീസില്‍ നിന്നേറ്റ കൊടിയ മര്‍ദനങ്ങള്‍ക്ക് പിന്നാലെ അനീതിക്ക് എതിരായി പോരാടിയത് നിയമങ്ങളിലൂടെയും കോടതികളിലൂടെയും ആയിരുന്നു. നവാബ് സമര്‍പ്പിച്ച പല പൊതു താല്‍പര്യ ഹര്‍ജികളിലും അനുകൂലമായ വിധിയുണ്ടായി. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും മറ്റ് പ്രമുഖര്‍ക്കും എതിരെയുള്ളവയായിരുന്നു ഇവയില്‍ പലതും. ഇതോടെ നവാബ് രാജേന്ദ്രന്റെ പരാതികള്‍ പരിഗണിക്കരുതെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കോടതിയുടെ വിലപ്പെട്ട സമയം വെറുതെ കളയുന്ന കേസുകളാണ് നവാബ് രാജേന്ദ്രന്‍ കൊണ്ടുവരുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ കോടതി ഈ വാദം തള്ളി. പ്രാധാന്യമുള്ള കേസുകളാണ് നവാബ് രാജേന്ദ്രന്‍ ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതെന്നും സമൂഹത്തിന് ഇത്തരം ആളുകളുടെ ആവശ്യമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

യാത്രകളും സൗഹൃദവും

കേസുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും പുതിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനുമായുള്ള യാത്രകളിലായിരുന്നു അദ്ദേഹം ഒട്ടുമിക്ക സമയങ്ങളിലും. എന്നിരുന്നാല്‍ പോലും അദ്ദേഹത്തിന് സ്ഥിരമായ ഒരു പോസ്റ്റല്‍ അഡ്രസ്സ് ഉണ്ടായിരുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്. ഗവണ്‍മെന്റ് ലോ കോളജിന്റെ സ്റ്റുഡന്റ് ഹോസ്റ്റലിലായിരുന്നു കൊച്ചിയിലുണ്ടായിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ താമസം. ആ സമയത്ത് വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തങ്ങളുടെ നേതാവിനെപ്പോലെയാണ് കണ്ടിരുന്നത്. റൂമുകള്‍ നല്‍കിയും ഭക്ഷണം പങ്കുവച്ചും തങ്ങളിലൊരാളെപ്പോലെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ കണ്ടു.
ഹോസ്റ്റല്‍ റൂമില്‍ തങ്ങാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ബസ് സ്റ്റാന്‍ഡുകളിലായിരുന്നു അദ്ദേഹം തങ്ങിയിരുന്നത്. ലോറിക്കാര്‍ക്കൊപ്പമായിരുന്നു കൂടുതല്‍ യാത്രകളും. തന്റെ സ്വന്തം നേട്ടങ്ങളില്‍ പ്രശസ്തി നേടിയെടുക്കുന്നതിന് അദ്ദേഹം ഒരിക്കലും താത്പര്യപ്പെട്ടിരുന്നില്ല.
എറണാകുളം മഹാരാജാസ് കോളജിനു സമീപത്തുള്ള ഇന്ത്യന്‍ കോഫി ഹൗസായിരുന്നു ചര്‍ച്ചകള്‍ക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്ന സ്ഥലം. വൈകുന്നേരങ്ങളില്‍ വിദ്യാര്‍ഥികളും സമൂഹത്തിന്റ നാനാമേഖലകളില്‍ നിന്നുള്ളവരും അടക്കം വലിയൊരു കൂട്ടം അവിടെ എത്തിച്ചേരുമായിരുന്നു.
സമൂഹത്തിലെ തെറ്റുകള്‍ക്കെതിരെ പോരാടാന്‍ എന്നും മുന്‍പില്‍ നവാബ് രാജേന്ദ്രന്‍ ഉണ്ടായിരുന്നു. അഴിമതി ആയിരുന്നു അദ്ദേഹം എന്നും എതിര്‍ത്തിരുന്നത്. 1990 ല്‍ സമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളെ കണക്കിലെടുത്ത് ഒരു ട്രസ്റ്റ് രണ്ടു ലക്ഷം രൂപ അദ്ദേഹത്തിന് സമ്മാനിച്ചു. എന്നാല്‍ അദ്ദേഹം ആ തുക കൊച്ചി ജനറല്‍ ആശുപത്രിക്ക് സംഭാവന ചെയ്യുകയാണുണ്ടായത്. ഇതില്‍ നിന്നു തന്നെ പണത്തിന് അദ്ദേഹം ജീവിത്തില്‍ വലിയ പ്രാധാനം നല്‍കിയിരുന്നില്ലെന്നത് വ്യക്തമാണ്. ഇതിനിടയിലാണ് കാന്‍സര്‍ രോഗ ബാധിതനായതിനെ തുടര്‍ന്ന് 2003 ഒക്ടോബര്‍ 10 ന് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here