തല്ലി കൊന്നാലും ചാവില്ല: ഉയർത്തെണീക്കും ഈ ജലക്കരടികൾ

1986ൽ നടന്ന് ചേർണോബിൽ ആണവ ദുരന്തത്തിന് കാരണം തന്നെ ഏറ്റവും ഉയർന്ന അളവിലുള്ള റേഡിയേഷനായിരുന്നു. ചരിത്രത്തിലെ തന്നെ ജീവജാലങ്ങൾക്ക് സംഭവിച്ച വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ചേർണോബിൽ. പക്ഷെ ആണവ വികിരണങ്ങളെയും അതിജീവിക്കുന്ന ജീവികളെ ശാസ്ത്ര ലോകം കണ്ടെത്തിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ‘കരുത്തുറ്റ’ ജീവി എന്ന് പറയാവുന്ന ഇതിന് വലിപ്പം പക്ഷെ 0.5 മില്ലീമീറ്റേ ഉള്ളു. എത്ര കഠിനമായ ചൂടും തണുപ്പും മർദ്ദവും റേഡിയേഷനും സഹിക്കാൻ ഇവക്ക് കഴിയും.

ടാർഡിഗ്രേഡ് എന്നാണ് ഇവയുടെ പേര്. ശരീരത്തിലുള്ള ഒരു പ്രത്യേക തരം പ്രോട്ടീനാണ് ഏത് കഠിന സാഹചര്യവും നേരിടാനുള്ള പടച്ചട്ട ടാർഡിഗ്രേഡുകൾക്ക് നൽകുന്നത്. കരടിയുടെ രൂപസാദൃശ്യമുള്ളതിനാൽ ജലക്കരടി എന്നും വിളിക്കാം.

300 ഡിഗ്രി ഫാരൻഹിറ്റ് വരെയുള്ള ചൂട് താങ്ങാൻ ടാർഡിഗ്രേഡുകൾക്കാവും. ബഹിരാകാശത്തെ കൊടും തണുപ്പ് പോലും പ്രതിരോധിക്കും. ലോകത്തിലെ തന്നെ ആഴമേറിയ മരിയാന ട്രഞ്ചിൽ ഇറങ്ങിയാൽ മനുഷ്യന് സഞ്ചരിക്കാൻ ആവില്ല. എന്നാൽ അതിന്റെ ആറ് ഇരട്ടി മർദം സഹിക്കാൻ ടാർഡിഗ്രേഡുകൾക്ക് പറ്റും.

മറ്റ് മൃഗങ്ങൾക്ക് മാരകമാകുന്ന റേഡിയേഷന്റെ ആറിരട്ടി പതിച്ചാലും ഇവക്ക് ഒരു കുലുക്കവും ഇല്ല. ആയിരക്കണക്കിന് ഗ്രേ(Gy) യൂണിറ്റ് വികിരണം അടിച്ചാലും നോ പ്രോബ്ലം! മനുഷ്യർക്ക് 10 ഗ്രേയെ താങ്ങൂ എന്ന് ഓർക്കണം.

ടാർഡിഗ്രേഡ് ഉൽപാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ് ഇവയെ കരുത്തരാക്കുന്നത്. ഡാമേജ് സപ്രസർ അഥവാ ‘ഡിസപ്’ എന്ന് ചുരുക്കി വിളിക്കാം. മനുഷ്യർക്ക് ഏറെ സഹായകരമായ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ്.

2016ലാണ് ആദ്യമായി ഈ പ്രോട്ടിൻ കണ്ടെത്തുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങൾക്ക് റേഡിയേഷന് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾ 40 ശതമാനത്തോളം ഈ പ്രോട്ടീന് കുറക്കാൻ കഴിയും. ഒരു കാലത്ത് ഇത് മനുഷ്യരുടെ സുരക്ഷക്ക് ഉപയോഗിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ഇപ്പോൾ ഗവേഷകർക്കുണ്ട്.
രോഗബാധിത കോശങ്ങളെ ചികിത്സിക്കാൻ ഈ ജലക്കരടിയുടെ പ്രോട്ടീൻ ഭാവിയിൽ സഹായകമായേക്കാം. (കടപ്പാട്: ഇലൈഫ് ജേർണൽ)

2016ൽ മൂന്ന് പതിറ്റാണ്ട് ജീവന്റെ തുടിപ്പില്ലായിരുന്ന മഞ്ഞിൽ മരവിച്ച് കിടന്ന ടാർഡിഗ്രേഡുകളെ ജപ്പാനിലെ ഗവേഷകർ ജീവിതത്തിലേക്ക് തിരികെ എത്തിച്ചിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top