ഉന്നാവ് വാഹനാപകടം; കുൽദീപ് സെൻഗാറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

ഉന്നാവ് പെൺകുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ മുൻ ബിജെപി എംഎൽഎ കുൽദിപ് സെൻഗാർ അടക്കം പത്ത് പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. ലക്‌നൗയിലെ പ്രത്യേക സിബിഐ കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സെൻഗാറിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് നിർബന്ധിക്കുക, കൂട്ടബലാത്സംഗം, പോക്‌സോ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ അടുത്ത വാദം ചൊവ്വാഴ്ച നടക്കും. സെൻഗാറിന് പുറമേ നരേഷ് തിവാരി, ബ്രിജേഷ് യാദവ്, ശുഭം സിങ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
സെൻഗാറിനെതിരെ പീഡനക്കേസ് നൽകിയ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം ഉത്തർപ്രദേശിലെ റായ്ബറേലിയിൽവച്ച് ജൂലൈ 28നാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ സെൻഗാറിന് പങ്കുണ്ടെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മാസമാണ് പെൺകുട്ടി അപകടനില തരണം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here