ജഡേജ 91നു പുറത്ത്; കോലി 254 നോട്ടൗട്ട്: ഇന്ത്യ അഞ്ചു വിക്കറ്റിന് 601 ഡിക്ലയർഡ്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്ത് ഡിക്ലയർ ചെയ്തു. 254 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് ഊർജമായത്. മായങ്ക് അഗർവാൾ ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു. അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ എന്നിവർ അർധസെഞ്ചുറികളും നേടി. കഗീസോ റബാഡ ദക്ഷിണാഫ്രിക്കക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
മൂന്നു വിക്കറ്റിന് 269 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർ കിണഞ്ഞു ശ്രമിച്ചിട്ടും രഹാനെ-കോലി സഖ്യത്തെ പിരിക്കാനായില്ല. ഇതിനിടെ അജിങ്ക്യ രഹാനെ അർധസെഞ്ചുറി പിന്നിട്ടു. വെർണോൺ ഫിലാണ്ടറിനെതിരെ മനോഹരമായ ഒരു സ്ട്രൈറ്റ് ഡൈവിലൂടെ ബൗണ്ടറി നേടിയ കോലി സെഞ്ചുറിയും തികച്ചു. ടെസ്റ്റിലെ തൻ്റെ 26ആം സെഞ്ചുറിയാണ് കോലി തികച്ചത്.
178 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് കേശവ് മഹാരാജാണ് പൊളിച്ചത്. അർധസെഞ്ചുറിയടിച്ചതിനു പിന്നാലെ രഹാനയെ (59) മഹാരാജ് ഡികോക്കിൻ്റെ കൈകളിലെത്തിച്ചു. തുടർന്ന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി രവീന്ദ്ര ജഡേജ ക്രീസിലെത്തി. ജഡേജയെ ഒരിടത്തു നിർത്തി കോലി ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്തു.
295 പന്തുകളിൽ കോലി ഇരട്ടശതകം കുറിച്ചു. ടെസ്റ്റിലെ തൻ്റെ ഏഴാം ഡബിൾ സെഞ്ചുറി തികച്ച കോലി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി. ഇരട്ടശതകത്തിനു പിന്നാലെ ഗിയർ മാറ്റിയ കോലി ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്തു. രവീന്ദ്ര ജഡേജയും ടി-20 മോഡിലേക്ക് മാറിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. അവസാന 15 ഓവറിൽ ഇരുവരും ചേർന്ന് 127 റൺസാണ് അടിച്ചു കൂട്ടിയത്.
334 പന്തുകളിൽ കോലി 250 റൺസ് തികച്ചു. ടെസ്റ്റ് മത്സരങ്ങളിൽ കോലിയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 225 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് സേനുരം മുത്തുസാമിയാണ് പൊളിച്ചത്. 91 റൺസെടുത്ത ജഡേജയെ മുത്തുസാമി തിയൂനിസ് ഡിബ്രുയിൻ്റെ കൈകളിലെത്തിച്ചു. ഇതോടെ കോലി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.