നമ്പി നാരായണന് 1.30 കോടി നൽകാൻ ശുപാർശ

ഐഎസ്ആർഒ ചാരക്കേസിൽ പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന് 1.30 കോടി രൂപ നൽകാൻ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ ശുപാർശ. നമ്പി നാരായണനുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ സർക്കാർ മധ്യസ്ഥനായി കെ ജയകുമാറിനെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ട് പീഡിക്കപ്പെട്ട നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രിം കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് സർക്കാർ നേരത്തെ നൽകി. ഇതിന് പുറമെ ആണ് 1.30 കോടി രൂപ കൊടുക്കാനുള്ള ശുപാർശ.
ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സർക്കാരിനെതിരെ നമ്പി നാരായണൻ നൽകിയ കേസിപ്പോൾ തിരുവനന്തപുരം സബ്‌കോടതിയുടെ പരിഗണനയിലാണ്. ഇത് തീർപ്പാവാൻ കാലമെടുക്കും. അതിന് മുമ്പ്് നമ്പി നാരായണനുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിലെത്താനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടറായ കെ ജയകുമാറിനെ സർക്കാർ നിയോഗിച്ചത്.
ഇത് നമ്പി നാരായണന് സ്വീകാര്യമാകുമെന്നും കെ ജയകുമാർ നൽകിയ റിപ്പോർട്ടിലുണ്ട്. ഇത്ര കാലത്തെ നീതി നിഷേധം കൂടെ ഉൾപ്പെടുത്തിയുള്ള നഷ്ടപരിഹാരതുകയാണ് 1.30 കോടി രൂപ.
റിപ്പോർട്ട് നിയമോപദേശത്തിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ സിപി സുധാകരപ്രസാദിന് കൈമാറി. കേസിൽ കുടുങ്ങി പുറത്തായത് കാരണം നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരത്തിന്റെ മൂല്യം അളക്കാനാവത്തതെന്നും റിപ്പോർട്ടിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here