കൂടത്തായി കൊലപാതകം; വ്യാജ ഒസ്യത്ത് കേസിൽ നാല് റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് തുടരുന്നു

കൂടത്തായി വ്യാജ ഒസ്യത്ത് കേസിൽ നാല് റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് തുടരുന്നു. മുൻ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റുമാർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. വകുപ്പ് തല നടപടിയുടെ ഭാഗമായി ഡെപ്യൂട്ടി കളക്ടറാണ് റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്.
കൂടത്തായി വില്ലേജിലെ മുൻ ഓഫീസർമാരായ മധുസൂദനൻ, കിഷോർ ഖാൻ , മുൻ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ സുലൈമാൻ നിലവിലെ വില്ലേജ് ഓഫീസർ ഷാജു എന്നിവരെയാണ് കോഴിക്കോട് കളക്ടറേറ്റിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്. റവന്യൂ അന്വേഷണ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി കളക്ടർ സി ബിജുവാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചത്. ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി ചോദ്യം ചെയ്തത്തിന്റെ തുടർച്ചയാണിത്.
Read Also : കൂടത്തായി കൊലപാതകം; പൊന്നാമറ്റം വീട്ടിൽ നിന്ന് സയനൈഡ് കുപ്പി കണ്ടെത്തി
11 മണിയോടെ മൊഴിയെടുപ്പ് ആരംഭിച്ചിരുന്നു. റവന്യൂ അന്വേഷണം പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം കളക്ടർക്ക് റിപ്പോർട്ട് നൽകാനാണ് ഡെപ്യൂട്ടി കളക്ടർ തീരുമാനിച്ചിരിക്കുന്നത്.ജില്ലാകളക്ടറോട് റവന്യൂമന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്ത് മാറ്റിയ വിൽപത്രം വ്യാജമാണെന്ന് കാണിച്ച് റോയ് തോമസിന്റെ സഹോദരങ്ങളായ റെഞ്ചിയും റോജോയും നൽകിയ പരാതിയിൽ വില്ലേജ് ഓഫീസ് അന്വേഷണം നടത്തി ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ അന്വേഷണ റിപ്പോർട്ട് വില്ലേജ് ഓഫീസിൽ നിന്ന് കാണാതായി എന്നാണ് ലഭിക്കുന്ന വിവരം. നേരത്തേ കൂടത്തായി വില്ലേജ് ഓഫീസിൽ പൊലീസ് പരിശോധനയും നടത്തിയിരുന്നു. അതിനിടെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടുനിന്ന പ്രാദേശിക മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ചിമോയിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here