Advertisement

മരട് ഫ്‌ളാറ്റ് വിഷയം; മൂന്ന് പേർ അറസ്റ്റിൽ

October 15, 2019
Google News 1 minute Read

മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ നിർമാണ കമ്പനി ഉടമയും മുൻ പഞ്ചായത്ത് സെക്രട്ടറിയുമടക്കം മൂന്നുപേർ അറസ്റ്റിൽ. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും വഞ്ചനാക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെക്കൂടാതെ മരട് പഞ്ചായത്ത് മുൻ ക്ലർക്ക് ജയാറാമിനെയും കേസിൽ പ്രതിചേർത്തു. കേസിൽ ആദ്യമായാണ് അറസ്റ്റ് നടപടികളിലേക്ക് അന്വേഷണസംഘം കടന്നിരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കൊച്ചിയിൽ പറഞ്ഞു.

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകൾ നിർമിച്ച കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് , മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ.ജോസഫ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹോളിഫെയ്ത്ത് നിർമാണ കമ്പനി എം.ഡി സാനി ഫ്രാൻസിസിനെ ഓഫിസിൽ എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ഈ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നേരത്തെ സാനി ഫ്രാൻസിസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സാനി ഫ്രാൻസിസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Read Also : മരട് ഫ്‌ളാറ്റ് കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

ഗൂഡാലോചന, വിശ്വാസ വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ഫഌറ്റ് നിർമാതാവിനെതിരെ ചുമത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ഇവരെക്കൂടാതെ മരട് പഞ്ചായത്തിലെ മുൻ ക്ലാർക്കിനെക്കൂടി കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. ഫ്‌ളാറ്റ് ഉടമകൾ ഉൾപ്പെടെ കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥർ മൊഴി നൽകിയാൽ രാഷ്ട്രീയക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാനുള്ള പ്രോസിക്യൂഷൻ അനുമതി സർക്കാർ നൽകിയിരുന്നു. ഫ്‌ളാറ്റുകൾക്ക് പെർമിറ്റ് നൽകിയത് നിയമ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് ഉടമകൾ ഫ്‌ളാറ്റ് നിർമ്മാണം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അറസ്റ്റ് ചെയ്ത പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here