കാസർകോട് അടുക്കത്ത്ബയൽ ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; കാസർഗോഡ് നഗരപരിധിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കാസർകോട് അടുക്കത്ത്ബയൽ ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ട് മറിഞ്ഞതിനെ തുടർന്ന് വാതക ചോർച്ച. പുലർച്ചെ ഒന്നരയോടെയാണ് മംഗലൂരുവിൽ നിന്നും കോയമ്പത്തൂരേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ അപകടത്തിൽപ്പെട്ടത്.
തെറിച്ച് വീണതിനെ തുടർന്നാണ് സിലിണ്ടറിന്റെ സേഫ്റ്റി വാൾവിൽ പൊട്ടലുണ്ടായത്. ഒന്നരയോടെ നടന്ന അപകടത്തിന് പിന്നാലെ വാതക ചോർച്ച തുടങ്ങിയതോടെ സമീപവാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ഒരു കിലോമീറ്റർ ദൂരപരിധിയിൽ ആൾക്കാരെ വീടുകളിൽ നിന്നും മാറ്റി.
കാസർഗോഡ് നഗരപരിധിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയർ ഫോഴ്‌സ് എത്തി എം സീൽ ഉപയോഗിച്ച് താത്ക്കാലികമായി പൊട്ടലുണ്ടായ വാൾവ് അടച്ചിട്ടുണ്ട്. കൂടാതെ മംഗളുരുവിൽ നിന്നും സാങ്കേതിക വിദഗ്ധരെ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള നടപടി ആരംഭിച്ചു. കാസർകോട് മംഗളുരു ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here