അയോധ്യ ഭൂമി തർക്കക്കേസ്; ഭരണഘടനാബെഞ്ച് ഇന്ന് ചേംബർ സിറ്റിങ് നടത്തും

അയോധ്യ ഭൂമി തർക്കക്കേസിൽ സുപ്രിംകോടതി ഭരണഘടനാബെഞ്ച് ഇന്ന് ചേംബർ സിറ്റിങ് നടത്തും. വിധി പറയാൻ മാറ്റിയ ശേഷം ജഡ്ജിമാർ ചേംബറിൽ ഒത്തുചേരുന്നത് അപൂർവമായ നടപടിയാണ്. ജസ്റ്റിസ് എഫ്എം ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മധ്യസ്ഥസമിതിയുടെ റിപ്പോർട്ട് പരിഗണിക്കുമെന്നാണ് സൂചന.
ഇന്നലെ അന്തിമവാദം അവസാനിച്ച് വിധി പറയാൻ മാറ്റി മണിക്കൂറുകൾക്കകമാണ് അസാധാരണ ചേംബർ സിറ്റിങ് നടത്താൻ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർ വ്യാഴാഴ്ച ചേംബർ സിറ്റിങ് നടത്തുമെന്ന അഡിഷണൽ രജിസ്റ്റാറിന്റെ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് സിറ്റിംഗ്.
അതേസമയം, സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസമിതിയുടെ റിപ്പോർട്ട് പരിഗണിക്കാനാണ് സിറ്റിങ് നടത്തുന്നതെന്ന് സൂചനയുണ്ട്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ തുടങ്ങിയ കക്ഷികളുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ സമവായ ഫോർമുലയാണ് റിപ്പോർട്ടിലെ ഉള്ളടക്കം. ഇത് തുറന്ന കോടതിയിൽ പരിഗണിക്കണോ, വിധിക്കൊപ്പം ചേർക്കണോയെന്ന കാര്യത്തിൽ ഭരണഘടനാ ബെഞ്ച് ധാരണയിലെത്തിയേക്കും. അയോധ്യയിൽ പകരം പള്ളി നിർമിച്ചു നൽകണം, മേഖലയിലെ ഇരുപത്തിരണ്ട് മുസ്ലിം പള്ളികളുടെ അറ്റകുറ്റപ്പണി സർക്കാർ ഏറ്റെടുക്കണം, ചരിത്ര പ്രാധാന്യമുള്ള പള്ളികൾ സംരക്ഷിക്കാൻ പുരാവസ്തുവകുപ്പിനെയും കൂടി ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപികരിക്കണം തുടങ്ങി സുന്നി വഖഫ് ബോർഡ് മുന്നോട്ടു വച്ച വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ടുള്ളതാണ് മധ്യസ്ഥ സമിതി റിപ്പോർട്ടെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here