കൂടത്തായി കൂട്ടക്കൊലപാതകം; റോയ് തോമസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോൺസൺ

കൂടത്തായിയിൽ മരിച്ച റോയ് തോമസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോൺസൺ. ജോളിയുടെ ആദ്യ ഭർത്താവായ റോയിയുടെ മരണശേഷം ഈ നമ്പർ ജോൺസൺ സ്വന്തം നമ്പറിലേക്ക് മാറ്റുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ ഓദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

കൂടത്തായി കൊലപാതവുമായി ബന്ധപ്പെട്ട് ജോൺസനെ അന്വേഷണ സംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു. ജോളിയുമായി അടുത്ത സൗഹൃദമുണ്ടെന്നും ഒരുമിച്ച് സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോൺസൺ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ജോളിക്കൊപ്പം നിരവധി തവണ കോയമ്പത്തൂരിൽ പോയിട്ടുണ്ടെന്നും ജോൺസൺ മൊഴി നൽകിയിരുന്നു. ജോളിയുമായി കുടുംബപരമായ സൗഹൃദമാണെന്നാണ് ജോൺസന്റെ മറ്റൊരു മൊഴി. കൊലപാതകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ജോൺസൺ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ജോളിക്കെതിരെ ഷാജു-സിലി ദമ്പതികളുടെ മകൻ രംഗത്തെത്തി. അച്ഛന്റെ രണ്ടാം വിവാഹശേഷം രണ്ടാനമ്മ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും ജോളി നൽകിയ വെളളം കുടിച്ച ശേഷമാണ് അമ്മ തലകറങ്ങി വീണതെന്നും സിലിയുടെ മകൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. കൂടത്തായിയിലെ വീട്ടിൽ അനാഥനെപ്പോലെയാണ് താൻ കഴിഞ്ഞിരുന്നത്. രണ്ടാനമ്മയുടെ പെരുമാറ്റം പലപ്പോഴും വേദനയുണ്ടാക്കി. പഠിക്കാനുളള സൗകര്യം പോലും പലപ്പോഴും ലഭിച്ചില്ലെന്നും സിലിയുടെ മകൻ പൊലീസിനെ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് അന്വേഷണസംഘം സിലിയുടെ മകന്റെ മൊഴി രേഖപ്പെടുത്തിയത്.

Read also: ഗോവിന്ദച്ചാമിക്കു വേണ്ടി വാദിച്ച വക്കീലിനെ തനിക്കു വേണ്ടെന്ന് ജോളി

അതിനിടെ നാളെ സിലിയുടെ കൊലപാതകത്തിൽ ജോളിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചശേഷം വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top