അഞ്ചിടങ്ങളില്‍ നാളെ വിധിയെഴുത്ത്; ഇന്ന് നിശബ്ദ പ്രചാരണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ഇന്ന് നിശബ്ദ പ്രചാരണമാണ്. 9.57 ലക്ഷം വോട്ടര്‍മാരാണ് നാളെ വിധിയെഴുതാന്‍ പോളിംഗ് ബൂത്തിലേക്ക് എത്തുക. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.

അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളും.  നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ട് ഉറപ്പാക്കാനും വോട്ടിംഗ് സ്ലിപ്പുകള്‍ വിതരണം ചെയ്യാനുമായി ബൂത്തുകള്‍ തോറും സ്‌ക്വാഡുകളെ ക്രമീകരിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളും ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍കാണും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികള്‍.

അതേസമയം ഉപതെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി.യ 140 പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സുരക്ഷയ്ക്കായി 3696 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 3696 പൊലീസ് ഉദ്യോഗസ്ഥരില്‍ 33 ഡിവൈഎസ്പിമാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 511 സബ്ബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടെ ആറ് പ്ലറ്റൂണിനെയും വിവിധ നിയോജക മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്‍ എല്ലാ മണ്ഡലങ്ങളിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top