കനത്ത മഴ; എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കനത്ത മഴയും വെള്ളക്കെട്ടും കാരണം എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിലും കണയന്നൂർ താലൂക്കിലുമായി മൂന്നു ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കണയന്നൂർ താലൂക്കിൽ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂർ, തൃക്കാക്കര വില്ലേജുകൾ എന്നീ പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷം. ഗാന്ധിനഗർ പി ആൻറ് ടി കോളനിയിലും ചുള്ളിക്കൽ ഭാഗത്തും വെള്ളം കയറി.
കൊച്ചി എം.ജി. റോഡ്, സൗത്ത് റെയിൽവേ സ്‌റ്റേഷൻ,നോർത്ത് റെയിൽവേ സ്‌റ്റേഷൻ റോഡുകൾ,കലൂർ ബസ് സ്റ്റാൻഡ്, കലൂർ സ്‌റ്റേഡിയം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് എറണാകുളം സൗത്തിലെ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ പല ട്രെയിനുകളും വിവിധ സ്‌റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്.
മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു. കൊച്ചി പി ആൻഡ് ജി കോളനിയിലും ചുള്ളിക്കൽ ഭാഗത്തും വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
എംജി റോഡ് അടക്കമുള്ള കൊച്ചി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങളെല്ലാം വെള്ളക്കെട്ടിൽ മുന്നോട്ട് പോകാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, ജില്ലയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here