കോട്ടയം ജില്ലയിൽ കനത്ത മഴ; മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്തമഴ തുടരുന്നു. മീനച്ചിൽ താലൂക്കിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് മൂലം ഗതാഗതം ദുഷ്കരമായി. മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. പാലായില്‍ മീനച്ചിലാര്‍ റോഡ് നിരപ്പിനോട് അടുക്കുകയാണ്. കെഎസ്ആര്‍ടിസിയ്ക്ക് സമീപം പേ ആന്‍ഡ് പാര്‍ക്ക് ഏരിയ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
എറണാകുളം മേഖലയിലേയ്ക്കുള്ള പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ഉഴവൂര്‍ ടൗണില്‍ വെള്ളം കയറി കടകളും വെള്ളത്തിലായി. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. കരൂര്‍ രാമപുരം റോഡിലും വെള്ളം കയറി. ബസുകള്‍ അടക്കം വലിയ വാഹനങ്ങള്‍ ഇപ്പോഴും കടന്നുപോകുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വൈകുന്നേരം മഴ കനത്താല്‍ പാലാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെള്ളത്തിലാകുമെന്ന ആശങ്കയുമുണ്ട്. തുലാമഴക്കാലത്ത് ഇത്രയുമധികം മഴ പെയ്യുന്നത് ഇതാദ്യമാണെന്ന് പഴമക്കാര്‍ പറയുന്നു. ഇരട്ടി ന്യൂനമര്‍ദ്ദമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും ഇത് മഴ കൂടുതല്‍ ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here