കനത്ത മഴ; വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

കനത്ത മഴയെ തുടർന്ന് കൊച്ചി വെള്ളക്കെട്ടിൽ മുങ്ങി. എംജി റോഡ് അടക്കമുള്ള കൊച്ചി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങളെല്ലാം വെള്ളക്കെട്ടിൽ മുന്നോട്ട് പോകാനാകാതെ കുടുങ്ങിക്കിടക്കുകയാണ്.

ഗാന്ധിനഗർ പി ആന്റ് കോളനിയിൽ വെള്ളം കയറി. കൊച്ചി ചുള്ളിക്കൽ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പ്രദേശവാസികൾക്ക് മാറി താമസിക്കുന്നതിനായി അധികൃതർ സൗകര്യം ഒരുക്കുന്നുണ്ട്. എം.ജി റോഡിൽ കടകളിലടക്കം വെള്ളം കയറുന്നുണ്ട്.
എറണാകുളം സൗത്ത് സ്റ്റേഷനിൽ വെള്ളക്കെട്ട് മൂലം ട്രെയിനുകളുടെ ഓട്ടം നിർത്തിവച്ചു.

അതേസമയം, ജില്ലയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ എല്ലാ കോളജുകൾ ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് ഇ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്. കോളജുകൾ പ്രവർത്തിക്കും. യൂണിവേഴ്‌സിറ്റി /ബോർഡ് പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top