Advertisement

മാധ്യമ നിയന്ത്രണം; അക്ഷരങ്ങൾക്കു പകരം കറുപ്പു പടർത്തി ഓസ്‌ട്രേലിയൻ പത്രമാധ്യമങ്ങൾ

October 22, 2019
Google News 0 minutes Read

മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി ഓസ്‌ട്രേലിയയിലെ പത്രമാധ്യമങ്ങൾ. രാജ്യത്തെ മാധ്യമങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുക എന്നാവശ്യപ്പെട്ടാണ് മാധ്യമങ്ങളുടെ പ്രതിഷേധം. ആദ്യ പേജിൽ അക്ഷരങ്ങൾക്കു പകരം കറുപ്പു പടർത്തിയാണ് ഇന്ന് പത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

അക്ഷരങ്ങൾക്ക് പകരം കറുത്ത നിറത്തിലുള്ള വരകൾ മാത്രമുള്ള ആദ്യ പേജുമായിട്ടാണ് ഓസ്‌ട്രേലിയയിലെ പത്രങ്ങൾ ഇന്ന് പുറത്തിറങ്ങിയത്. മാധ്യമസ്വാതന്ത്രത്തിനും മാധ്യമപ്രവർത്തനത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിൻറെ ഭാഗമായാണ് നടപടി. ദ ഓസ്‌ട്രേലിയൻ , ദ സിഡ്‌നി മോണിങ് ഹെറാൾഡ്, ദ ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യു തുടങ്ങി രാജ്യത്തെ പ്രധാന പത്രങ്ങളെല്ലാം പ്രതിഷേധത്തിൽ പങ്കാളിക്കളായി. ആദ്യ പേജിലെ തലക്കെട്ടുകളും വാർത്തകളും സെൻസർ ചെയ്ത രീതിയിൽ കറുത്ത നിറത്തിൽ അച്ചടിച്ചാണ് ഈ പത്രങ്ങൾ സർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. രാജ്യത്തെ ടെലിവിഷൻ നെറ്റ് വർക്കുകളിലെ പരസ്യങ്ങളിലൂടെയും മാധ്യമപ്രവർത്തകർ സർക്കാരിനെതിരെ ആഞ്ഞടിച്ചു. സർക്കാർ ജനങ്ങളിൽ നിന്ന് എന്താണ് മറച്ചുവെക്കുന്നത് എന്ന പ്രേക്ഷകരോടുള്ള ചോദ്യത്തിന്റെ രൂപത്തിലായിരുന്നു പരസ്യം.

അഭിപ്രായ സ്വാതന്ത്രം ഉറപ്പുവരുത്താൻ പ്രത്യേക നിയമമോ, ഭരണഘടനാ സംരക്ഷണമോ ഇല്ലാത്ത രാജ്യമാണ് ഓസ്‌ട്രേലിയ. സുപ്രധാന വിവരങ്ങൾ നേടുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ തടയുന്ന നിയമം ലഘൂകരിക്കുക, വിവരാവകാശം ഉറപ്പുവരുന്ന നിയമം കൊണ്ടുവരിക, രാജ്യത്തെ കടുത്ത അപകീർത്തി നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് രാജ്യത്തെ വിവിധ പത്രമാധ്യമങ്ങൾ മുന്നോട്ട് വെക്കുന്നത്.

നേരത്തെ കർദിനാൾ ജോർജ് പെല്ലിനെതിരെ ഉയർന്ന
ലൈംഗികാരോപണക്കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാധ്യമസ്ഥാപനമായ എബിസിയുടെ സിഡ്‌നിയിലെ ഓഫീസിലും ന്യൂസ് കോർപ്പ് എഡിറ്ററുടെ വീട്ടിലും റെയ്ഡ് നടത്തിയത് ഏറെ ആക്ഷേപങ്ങൾക്ക് വഴിവെച്ചിരുന്നു. മാധ്യമപ്രവർത്തകരെ നിയമമുപയോഗിച്ച് അടിച്ചമർത്തുകയും മാധ്യമസ്വാതന്ത്രത്തിലേക്ക് കടന്നുകയറുകയുമാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here