വർക്കല എസ്ആർ കോളേജ് മാനേജ്‌മെന്റിനെതിരെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജപ്തി നടപടി

വിവാദമായ വർക്കല എസ്ആർ കോളേജ് മാനേജ്‌മെന്റിനെതിരെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജപ്തി നടപടി. വർക്കലയിലെ കോളജ് കെട്ടിടത്തിലും കേശവദാസപുരത്തെ സ്ഥലത്തും ബാങ്ക് നോട്ടീസ് പതിച്ചു. 122 കോടി രൂപ വായ്പാ കുടശ്ശിക ആയതിനെ തുടർന്നാണ് നടപടി.
വാടകയ്ക്ക് വ്യാജ രോഗികളെ ഇറക്കി മെഡിക്കൽ കൗൺസിലിനെ കബളിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളിൽ വിവാദത്തിലായ വർക്കല എസ്ആർ മെഡിക്കൽ കോളജിനെതിരെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി നടപടിക്കൊരുങ്ങിയിരിക്കുന്നത്. 122 കോടി രൂപയാണ് വായ്പാ കുടശ്ശിക. ആറ്
മാസത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ സ്വത്തുവകകൾ ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്.
വർക്കല എസ്ആർ മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വിദ്യാർത്ഥികളെ കബളിപ്പിച്ച സംഭവം നേരത്തെ വലിയ ചർച്ചയായിരുന്നു. പരിശോധനക്കു ശേഷം മെഡിക്കൽ കോളജിലെ ക്രമക്കേടുകളും അപര്യാപ്തതകളും മെഡിക്കൽ കൗൺസിൽ സ്ഥിരീകരിക്കുകയും ചെയ്തു. പരീക്ഷാഫലം തടഞ്ഞുവെക്കാൻ ആരോഗ്യ സർവകലാശാലയും തീരുമാനിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമായതിനെ തുടർന്ന് മാനേജ്‌മെന്റിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here