ഇത്തവണയും വലത് ചായ്ഞ്ഞ് എറണാകുളം

പതിവ് തെറ്റിച്ചില്ല. ഇത്തവണയും എറണാകുളം മണ്ഡലം വലത് ചെരിഞ്ഞ് ടിജെ വിനോദിനെ വിജയിപ്പിച്ചു. പോളിംഗ് ദിവസമുണ്ടായ വെള്ളക്കെട്ടോ, പാലാരിവട്ടം പാലം മുതൽ കോൺഗ്രസിനെ വെട്ടിലാക്കിയ വിവാദങ്ങളോ മണ്ഡലത്തിൽ യുഡിഎഫിനുള്ള മമത കുറച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം നമുക്ക് കാണിച്ച് തരുന്നത്.

പോളിംഗ് ദിവസം കൊച്ചിയിലുണ്ടായ വെള്ളക്കെട്ട് കുറച്ചൊന്നുമല്ല കോൺഗ്രസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയത്. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ടിജെ വിനോദിനെതിരെ ജനരോഷം ഉണ്ടായിരുന്നു. സ്ത്രീകളടക്കം നിരത്തിലറങ്ങി കൊച്ചി ഡെപ്യൂട്ടി മേയർ കൂടിയായ വിനോദിനെ കോളനിയിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. കോൺഗ്രസ് ഭരിക്കുന്ന നഗരത്തിൽ ഓടകൾ വൃത്തിയാക്കി വെള്ളം പോകാൻ സുഗമമായ വഴിയൊരുക്കാത്തത് വെള്ളക്കെട്ടിന് കാരണമായി. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ വോട്ട് ചോർച്ചയുണ്ടാകുമെന്ന് കോൺഗ്രസ് ക്യാമ്പ് ഭയപ്പെട്ടുവെങ്കിലും ഫലം പാർട്ടിക്ക് ആശ്വാസമായി. കനത്ത മഴ പോളിംഗ് ശതമാനത്തെ ബാധിച്ചതുകൊണ്ട് ഭൂരിപക്ഷത്തിൽ ഇടിവ് വന്നിട്ടുണ്ട്.

കൊച്ചി ഡെപ്യൂട്ടി മേയറും, പാർട്ടിയുടെ ജില്ലാ നേതാവുമാണ് വിജയിച്ച ടിജെ വിനോദ്. 1982ൽ കളമശ്ശേരി സെന്റ് പോൾസ് കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് ടിജെ വിനോദ് പൊതുരംഗത്ത് എത്തുന്നത്. കെഎസ്‌യുവിൽ ചേർന്ന് ഒരു ദശാബ്ദത്തിന് ശേഷം 2002 ൽ കൊച്ചിയുടെ ഡെപ്യൂട്ടി മേയറായി ടിജെ വിനോദ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി കോർപ്പറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട് ടിജെ വിനോദ്. ഇതിന് പുറമെ, ആർച്ചറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടിവ് മെമ്പർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

യുഡിഎഫ് കോട്ടയാണ് എറണാകുളം. രണ്ട് തവണ മാത്രമാണ് എറണാകുളത്ത് ചെങ്കൊടി പാറിയിട്ടുള്ളു. 1987ലും, 1998 ലും. അന്ന് എംക സാനുവും, സെബാസ്റ്റ്യൻ പോളുമായിരുന്നു എൽഡിഎഫിനെ വിജയത്തിലേക്ക് എത്തിച്ചത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ ആയിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ 1.7 ലക്ഷം വോട്ടുകൾക്കാണ് വിജയിച്ചത്. മികച്ച നേതാവും ശക്തനായ പാർലമെന്റേറിയനുമായ സിപിഐഎം സ്ഥാനാർത്ഥി പി രാജീവ് വിജയിക്കുമെന്ന് ഒരു വിഭാഗം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വൻ ഭൂരിപക്ഷത്തോടെയാണ് ഹൈബി വിജയിച്ചുകയറിയത്. 4,91,263 വോട്ടുകളാണ് ഹൈബിക്ക് ലഭിച്ചത്.

2016ൽ 21,949 വോട്ടുകൾക്കാണ് ഹൈബി സിപിഐഎം സ്ഥാനാർത്ഥിയായ എം അനിൽ കുമാറിനെ തോൽപ്പിച്ചത്. 2011 ഹൈബി ഈഡനെ തകർക്കാൻ മുമ്പ് എറണാകുളത്ത് നിന്നും വിജയിച്ചിട്ടുള്ള സെബാസ്റ്റ്യൻ പോളിനെ കളത്തിലിറക്കിയെങ്കിലും അന്നും 59,919 വോട്ടുകളുമായി ഹൈബി ഈഡൻ വിജയിച്ചിരുന്നു. ഇന്ന് 2019 ലെ ഉപതെരഞ്ഞെടുപ്പിലും ഈ ട്രെൻഡ് പിന്തുടർന്ന് ടിജെ വിനോദ് എറണാകുളത്ത്  വിജയിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top