കൂടത്തായി കൊലപാതക പരമ്പര; മുഖ്യ പ്രതി ജോളിയുടെ ചോദ്യം ചെയ്യൽ തുടരുന്നു

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയെ ചോദ്യം ചെയ്യൽ തുടരുന്നു. ജോളിയുടെ ബന്ധുകളെ ചോദ്യം ചെയ്ത അന്വേഷണ സംഘം ഷാജുവിനോടും, സക്കറിയാസിനോടും പരിസരം വിട്ട് പോകരുതെന്ന് മുന്നറിയിപ്പ് നൽകി. കേസ് അന്വേഷണം വിശദമായി വിലയിരുത്താൻ ഡിജിപിയുടെ നേതൃത്വത്തിൽ കോഴിക്കോട് യോഗം ചേർന്നു.
കസ്റ്റഡി കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെ ജോളിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിൽ പല നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് വിവരം. അതിനിടെ കേസന്വേഷണം വിലയിരുത്താൻ ഡിജിപിയുടെ നേതൃത്വത്തിൽ കോഴിക്കോട് പൊലീസ് ക്ലബിൽ യോഗം ചേർന്നു. ഉത്തര മേഖല ഐജി, കോഴിക്കോട് റൂറൽ എസ്പി, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേസ് അന്വേഷണം മികച്ച പുരോഗതിയിലാണെന്ന് റൂറൽ എസ്പി കെജി സൈമൺ പറഞ്ഞു.
ജോളിയുടെ കട്ടപ്പനയിലുള്ള സഹോദരനടക്കം മറ്റ് ബന്ധുകളെയും വടകര തീരദേശ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. അതിനിടെ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാജുവിനെ വെട്ടിലാക്കി ജോളി വീണ്ടും മൊഴി നൽകി. ഷാജുവിനോടും, സക്കറിയാസിനോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ നിന്ന് ബുധനാഴ്ച പൊലീസ് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്നും സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ ഇന്നലെ നടത്തിയ അടിയന്തിര പരിശോധനയിലാണ് സ്ഥിരീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here