മരട്: ഫ്‌ളാറ്റ് പൊളിക്കൽ പുരോഗതി സുപ്രിം കോടതി ഇന്ന് പരിശോധിക്കും

മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി സുപ്രിം കോടതി ഇന്ന് പരിശോധിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ആറ് പേജുള്ള സത്യവാങ്മൂലമാണ് ചീഫ് സെക്രട്ടറി ടോം ജോസ് സമർപ്പിച്ചിരിക്കുന്നത്. സുപ്രിം കോടതിയുടെ നിർദേശങ്ങൾ അതിന്റെ ഗൗരവത്തോടെ തന്നെ നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം.
ഫ്‌ളാറ്റ് ഉടമകൾക്ക് ഇതുവരെ പത്തുകോടി എൺപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ബാക്കിയുള്ളവർക്ക് ബാങ്ക് വിവരങ്ങൾ കൈമാറുന്ന മുറക്ക് തുക നൽകും. കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങി. ടെൻഡർ അടക്കം നടപടികളുടെ രേഖകളും ചീഫ് സെക്രട്ടറി കോടതിയ്ക്ക് നൽകി. ക്രൈംബ്രാഞ്ച് അന്വേഷണം സംബന്ധിച്ച വിവരങ്ങളും കൈമാറി.
ജെയിൻ ഹൗസിങ് ഉടമ സന്ദീപ് മേത്തയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം കേൾക്കാതെയാണെന്നും അറിയിച്ചു. 138 ദിവസം കൊണ്ട് എല്ലാ ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക് താൻ തന്നെയാണ് മേൽനോട്ടം വഹിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.