പാലാ ബൈപാസ് റോഡിന്റെ വീതി കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി

പാലാ ബൈപാസ് റോഡിന്റെ വീതി കുറവ് പരിഹരിക്കുന്നതിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകള്‍ക്ക് അനുകൂലമായി ഈ വര്‍ഷം ആദ്യം കോടതി വിധി വന്നിരുന്നു. ഇതു പ്രകാരമുള്ള സ്ഥലമേറ്റെടുക്കല്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

14 സബ് ഡിവിഷനുകളില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കോട്ടയം ലാന്‍ഡ് അക്യുസിഷന്‍ ജനറല്‍ വാല്യുവേഷന്‍ അസിസ്റ്റന്റ് ബെന്നി എം ജെറോം, റവന്യൂ ഇന്‍സ്‌പെക്ടര്‍ ഗീവര്‍ഗീസ് എന്നിവരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബൈപാസ് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ നടത്തിയ ക്രമവിരുദ്ധ നടപടികള്‍ക്കെതിരെ  ഭൂവുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ കോഴാ റോഡ് – ആര്‍വി ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുത്തപ്പോള്‍ വിലകുറയ്ക്കാന്‍ പഴയ തീയതി രേഖപ്പെടുത്തിയതിനെതിരെയായിരുന്നു ഹര്‍ജി. ഇത് റദ്ദ്‌ചെയ്ത് പുതിയ ആക്ട് അനുസരിച്ച് വില നല്‍കണമെന്നായിരുന്നു ഭൂവുടമകളുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചു. പുതുക്കിയ തിയതിവെച്ചുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ബൈപാസ് വീതികൂട്ടല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പാലാ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top