രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലിൽ നിരാഹാര സമരത്തിൽ

രാജീവ് ഗാന്ധി വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരൻ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു. ശിക്ഷാ കാലാവധി കുറച്ച് വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് നളിനി നിരാഹാര സമരം ആരംഭിച്ചത്. നീണ്ട വർഷത്തെ ജയിൽ വാസം ചൂണ്ടിക്കാട്ടി ജയിൽ അധികൃതർക്ക് നളിനി കത്തയച്ചു.

മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോൾ അനുവദിച്ചിരുന്നു. 51 ദിവസങ്ങൾക്ക് ശേഷമാണ് നളിനി ജയിലിൽ തിരിച്ചെത്തിയത്. ജയിലിൽ ജനിച്ച നളിനിയുടെ മകൾ ചരിത്ര ശ്രീഹരൻ ഇപ്പോൾ ലണ്ടനിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.

മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21ന് ചാവേർ സ്ഫോടനത്തിലൂടെ വധിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. ഇരുപത്തിയേഴ് വർഷത്തിനിടെ 2016 ൽ പിതാവിന്റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിരുന്നത്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്നാട് സർക്കാർ ജീവപര്യന്തമായി കുറച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top