കാല്‍നടയാത്ര പോലും സാധ്യമല്ലാതെ തൊമ്മന്‍കുത്ത് – മുളപ്പുറം റോഡ്

തൊമ്മന്‍കുത്ത് – മുളപ്പുറം റോഡിന്റെ വെണ്‍മറ്റം മുതല്‍ മുളപ്പുറം വരെയുള്ള ഭാഗം പൂര്‍ണമായി തകര്‍ന്നു കിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രണ്ട് വര്‍ഷം മുമ്പ് വണ്ണപ്പുറം മുതല്‍ വെണ്‍മറ്റം വരെയുള്ള റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും വെണ്‍മറ്റം മുതല്‍ മുളപ്പുറം വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. നിരവധി സ്‌കൂള്‍ ബസുകളും സര്‍വീസ് ബസുകളും കടന്ന് പോകുന്ന പാതയാണിത്.

വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതിനാല്‍ ഭൂരിഭാഗം ബസുകളും ട്രിപ്പ് മുടക്കുന്ന സാഹചര്യവുമുണ്ട്. ശോചനീയാവസ്ഥ നിരവധി തവണ ചൂണ്ടികാണിച്ചെങ്കിലും നടപടി എടുക്കാന്‍ അധൃതര്‍ തയാറല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വണ്ടമറ്റം പാലം മുതല്‍ കാളിയാര്‍ പാലം വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരമാണ് അറ്റകുറ്റപ്പണികള്‍ നടത്താത്തത്.

റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ അപകടങ്ങളും പതിവാണ്. ബൈക്ക് യാത്രക്കാരാണ് പ്രധാനമായും ബുദ്ധിമുട്ടനുഭവിക്കുന്നത്. തൊമ്മന്‍കുത്ത് വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പാതകൂടെയാണിത്. റോഡിന്റെ ശോചനീയാവസ്ഥ ടൂറിസത്തെയും ബാധിച്ചിട്ടുണ്ട്. അതേ സമയം ഫണ്ട് അനുവദിക്കാത്തത് മൂലമാണ് അറ്റകുറ്റപണികള്‍ നടത്താത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top