ഉന്നാവ് പീഡനക്കേസ്; പ്രതി കുൽദീപ് സെൻഗാറിന് പരോൾ

ഉന്നാവ് പീഡനക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാറിന് പരോൾ. സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് 72 മണിക്കൂർ പരോളാണ് ഇയാൾക്ക് അനുവദിച്ചിരിക്കുന്നത്.
കുൽദീപിനൊപ്പം ജയിലിൽ കഴിയുന്ന മറ്റൊരു സഹോദരൻ അതുൽ സെൻഗാറിനും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ 72 മണിക്കൂർ പരോൾ ലഭിച്ചിട്ടുണ്ട്. തിഹാർ ജയിലിലാണ് ഇരുവരുമുള്ളത്
കുൽദീപിന്റെ ഇടയ സഹോദരൻ മനോജ് ഇന്നലെയാണ് മരിച്ചത്. ഡൽഹിയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മനോജിന്റെ ബന്ധുക്കളിൽ ഒരാൾ പറയുന്നത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് കാരണമെന്ന് കുൽദീപിന്റെ വിശ്വസ്തരിലൊരാളും പറയുന്നു. ഇത് സംശയത്തിനിടയാക്കിയിട്ടുണ്ട്.
ഉന്നാവ് കേസിലെ പരാതിക്കാരിയുടെ ബന്ധുക്കളെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മനോജ്. ഇക്കഴിഞ്ഞ ജൂണിലാണ് പീഡനത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബന്ധുക്കൾ രണ്ടുപേർ മരിക്കുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നിൽ മനോജാണെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു.