പൊലീസ് അകമ്പടിയില്ലാതെ കശ്മീർ സന്ദർശിക്കണമെന്ന ആവശ്യം; തനിക്കുള്ള ക്ഷണം ഇന്ത്യ റദ്ദാക്കിയെന്ന് യൂറോപ്യൻ പാർലമെന്റ് അംഗം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണനപ്രകാരം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ജമ്മു കശ്മീർ സന്ദർശിക്കുകയാണ്. സന്ദർശനത്തിനു മുന്നോടിയായി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ സമയം, സംഘത്തിലുണ്ടായിരുന്ന ഒരു അംഗത്തിൻ്റെ ക്ഷണം സർക്കാർ റദ്ദാക്കിയത് വിവാദമായിരിക്കുകയാണ്. ദേശീയ മാധ്യമങ്ങൾ വിഷയത്തിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

മുതിർന്ന യുകെ രാഷ്ട്രീയ നേതാവ് ക്രിസ് ഡേവിസിൻ്റെ ക്ഷണമാണ് ഇന്ത്യൻ സർക്കാർ റദ്ദാക്കിയത്. പൊലീസ് അകമ്പടിയില്ലാതെ കശ്മീർ സന്ദർശിക്കണമെന്ന ആവശ്യം നിരാകരിച്ചു കൊണ്ടാണ് സർക്കാർ തൻ്റെ ക്ഷണം റദ്ദാക്കിയതെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. വലതു പക്ഷത്തിൻ്റെ പ്രതിനിധികൾക്ക് ഭൂരിപക്ഷമുള്ള 27 പേരടങ്ങുന്ന സംഘമാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ നാലു പേർ തിരികെ പോയി. ഇത് യാഥാർത്ഥ്യം മറച്ചുപിടിക്കാനുള്ള ഇന്ത്യൻ സർക്കാരിൻ്റെ നയമാണെന്നാണ് ക്രിസ് ഡേവിസ് ആരോപിക്കുന്നത്.

“എല്ലാം നല്ല രീതിയിൽ പോവുകയാണെന്ന് നടിച്ച് മോദി ഗവണ്മെൻ്റിനുള്ള പിആർ വർക്ക് നടത്താൻ എനിക്ക് താത്പര്യമില്ല. കശ്മീരിൽ ജനാധിപത്യ മൂല്യങ്ങൾ തകർക്കപ്പെടുകയാണെന്നത് സംശയമില്ലാത്ത കാര്യമാണ്. ഇന്ത്യൻ സർക്കാരിന് എന്താണ് മറക്കാനുള്ളത്. സാധാരണക്കാരുമായി സംസാരിക്കാൻ മാധ്യമപ്രവർത്തകർക്കും സന്ദർശനം നടത്തുന്ന രാഷ്ട്രീയക്കാർക്കും അനുമതി നൽകാത്തത് എന്തുകൊണ്ടാണ്? കശ്മീരിൽ കുടുംബക്കാരുള്ള ഇംഗ്ലണ്ടിലെ വടക്കുപടിഞ്ഞാറിനെ പ്രതിനിധീകരിക്കുന്ന ആളാണ് ഞാൻ. അവർ തങ്ങളുടെ ബന്ധുക്കളോട് നിയന്ത്രണമില്ലാതെ സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ട്.”- ഡേവിസ് പറയുന്നു.

കശ്മീരിലെ സ്ഥിതിഗതികൾ ശാന്തമായെന്ന് ലോകത്തോടു വെളിപ്പെടുത്താനായാണ് മോദി സർക്കാർ പ്രതിനിധി സംഘത്തെ കശ്മീരിലേക്ക് ക്ഷണിച്ചത്. നിലവിൽ പ്രതിനിധി സംഘം കശ്മീർ സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്.

അതേ സമയം, കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളിൽ ഐക്യരാഷ്ട്ര സംഘടന ആശങ്കയറിയിച്ചിരുന്നു. കശ്മീരിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കണമെന്നും കശ്മീര്‍ ജനതയുടെ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കണമെന്നും യുഎൻ ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top