ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കണം: രമേശ് ചെന്നിത്തല

അടുത്തെങ്ങും കണ്ടിട്ടില്ലാത്ത മഹാപ്രളയം നേരിടേണ്ടിവന്നപ്പോള്‍ കേരളീയര്‍ ഒരു മനസോടെ ഒന്നിച്ചുനിന്നു. ആ മാതൃകയാണ് ദുരന്തങ്ങളെ നേരിടാന്‍ ഏറ്റവും ഫലപ്രദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവകേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാവേദി ‘റൗണ്ട് ടേബിളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് എമ്പാടും ദുരന്തം ഉണ്ടായിട്ടുണ്ട്. ദുരന്തങ്ങളെ നേരിടുന്ന കാര്യത്തില്‍ ആ രാജ്യങ്ങള്‍ എങ്ങനെ മുന്നോട്ടുവന്നു എന്നത് പ്രധാനമാണ്. എല്ലാ വര്‍ഷവും ദുരന്തം നേരിടുന്ന രാജ്യമാണ് ഇന്തോനേഷ്യ. അതുപോലെ ലോകത്ത് പല രാജ്യങ്ങളുമുണ്ട്. ആ രാജ്യങ്ങളെല്ലാം ദുരന്തം ഉണ്ടാകുമ്പോള്‍ അതിന് കാരണം എന്താണെന്ന് അന്വേഷിക്കും. ദുരന്തം ഉണ്ടായാല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്ന് ആലോചിക്കും. ഇതാണ് കേരളത്തിലും ആവശ്യം.
ദുരന്തങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നുണ്ടോ എന്നതാണ് പ്രധാന കാരണം. രണ്ടാമതും പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായപ്പോള്‍ എന്തൊക്കെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നത് ശ്രദ്ധിക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ രൂപീകരണവും പ്രവര്‍ത്തനവും ഫലപ്രദമാക്കണം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായി പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ ഇനിയൊരു ദുരന്തം വന്നാല്‍ അതിനെ നേരിടാന്‍ സാധിക്കൂ.
വെള്ളം ഒഴുകിപ്പോകാനുള്ള സാധ്യത ഇല്ലാതാകുകയാണ് കേരളത്തില്‍. നദീ തീരങ്ങളിലെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണം. ജല നിര്‍ഗമന മാര്‍ഗങ്ങള്‍ കേരളത്തില്‍ ഉണ്ടാകണം. സര്‍ക്കാര്‍ മാത്രം തീരുമാനിച്ചാല്‍ ഇത് സാധിക്കില്ല. ജനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. വെള്ളപ്പൊക്കം തടയാന്‍ ഇത് പ്രധാന കാര്യമാണ്.
ദുരിതങ്ങളില്‍ കഷ്ടപ്പെടാതിരിക്കാന്‍ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് വേണം. വിവിധ ഏജന്‍സികള്‍ ചെയ്യുന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കണം. വീട് വയ്ക്കുമ്പോള്‍ അല്പം നിയന്ത്രണങ്ങളാകാം. വിദേശ രാജ്യങ്ങളില്‍ വീടുകള്‍ വയ്ക്കുന്നത് അവിടുത്തെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ അനുസരിച്ചാണ്. ഇത് കേരളത്തിലും പിന്തുടരണം. കുട്ടനാട്ടിലെ വികസനത്തിന് പ്രത്യേക മാതൃകകള്‍ സ്വീകരിക്കണം. ഡാം മാനേജ്‌മെന്റിന്റെ കാര്യത്തില്‍ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പഠനവും ധാരണയും ആവശ്യമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സോഷ്യല്‍ ഒഡിറ്റ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള നിര്‍മിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന റൗണ്ട് ടേബിള്‍ കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലെ ഉദയ് പാലസില്‍ നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നേതാക്കള്‍, സാങ്കേതികവിഷയ വിദഗ്ധര്‍, വ്യാവസായിക പ്രമുഖര്‍ തുടങ്ങിയവര്‍ റൗണ്ട് ടേബിളില്‍ പങ്കെടുക്കുന്നുണ്ട്. റൗണ്ട് ടേബിളില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here