ദുരന്ത പ്രതിരോധ രംഗത്ത് മുന്നേറാന്‍ കേരളത്തിന് സാധിച്ചു: ഡോ. വേണു

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ദുരന്ത ലഘൂകരണ രംഗത്തും ദുരന്ത പ്രതിരോധ രംഗത്തുമെല്ലാം വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സിഇഒ ഡോ. വേണു. 2019 ലെ പ്രളയം വന്നപ്പോള്‍ ഇത് നമ്മുക്ക് അനുഭവിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

നവകേരള നിര്‍മിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാ പരിപാടിയായ റൗണ്ട് ടേബിളില്‍ സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിരിക്കുന്ന നടപടികളെക്കുറിച്ചും ആശയങ്ങളെയും പദ്ധതികളെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിജീവനത്തെക്കുറിച്ചും തയാറെടുപ്പുകളെക്കുറിച്ചും ഇനി ചര്‍ച്ച ചെയ്യണം. ഒരു തവണ പ്രളയത്തിലൂടെ കടന്നുപോയതിനാല്‍ ദുരന്ത നിവാരണ വകുപ്പിന്റെ കീഴില്‍ എന്തു ചെയ്തു എന്നത് വലിയ കാര്യമാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ദുരന്ത ലഘൂകരണ രംഗത്തും ദുരന്ത പ്രതിരോധ രംഗത്തുമെല്ലാം വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. 2019 ലെ പ്രളയം വന്നപ്പോള്‍ ഇത് നമ്മുക്ക് അനുഭവിക്കാന്‍ സാധിച്ചു.

വയനാട്ടില്‍ 2018 ലേക്കാള്‍ വലിയ മഴയാണ് 2019 ല്‍ ഉണ്ടായത്. 80,000 ത്തോളം ആള്‍ക്കാരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. അതുകൊണ്ട് വെള്ളപ്പൊക്കത്തില്‍ മരണങ്ങളുണ്ടായില്ല. നിര്‍ഭാഗ്യവശാല്‍ മറ്റ് രീതിയില്‍ ദുരന്തം അനുഭവിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകബാങ്കിന്റെ സംസ്ഥാന പങ്കാളിത്ത പദ്ധതി പ്രകാരം 500 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഗഡുവായി 250 ദശലക്ഷം യുഎസ് ഡോളര്‍ (1750 കോടി) രൂപ ലഭിച്ചു. റോഡ് മേഖലയ്ക്ക് കെഎസ്ഡബ്ല്യുവില്‍ നിന്ന് 1800 കോടി രൂപയുടെ സഹായ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. 12 വികസന പദ്ധതികളുടെ സാമ്പത്തിക സാങ്കേതിക സഹായ വാഗ്ദാനവും ഇതുവരെ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 605 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 488 കോടി രൂപയും മൂന്ന് ജില്ലകളിലെ 5.5 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് പ്രാഥമിക പദ്ധതി രേഖയും തയാറായി. ഈ റോഡുകള്‍ നവംബര്‍ മാസത്തോടെ ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

360 കിലോമീറ്റര്‍ റോഡുകള്‍ കെഎഫ്ഡബ്ല്യു സഹായത്തോടെയും (1800 കോടി രൂപ) 240 കിലോമീറ്റര്‍ റോഡ് ലോകബാങ്കിന്റെ വികസന വായ്പയില്‍ നിന്നും (1200 കോടി രൂപ) നവീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ആദ്യ വര്‍ഷം വികസന വായ്പയില്‍ നിന്നും 300 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു.

വനം വകുപ്പിന്റെ 130 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചു. മത്സ്യബന്ധന വകുപ്പിന്റെ 3.2 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചു. ഉപജീവനവുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ 250 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ക്ലീന്‍ കേരള കമ്പനി സമര്‍പ്പിച്ച 50 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. ജലവിഭവ വകുപ്പ് സമര്‍പ്പിച്ച 300 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചു. ഇതില്‍ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണവും ഉള്‍പ്പെടുന്നു.

പുനര്‍നിര്‍മാണ പരിപാടി മുന്നോട്ടുവയ്ക്കുന്ന നയപരമായ തിരുത്തലുകള്‍ അടയാളപ്പെടുത്തുന്നതിനു പൊതുജനങ്ങളുമായി വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവകേരള നിര്‍മിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന റൗണ്ട് ടേബിള്‍ തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലെ ഉദയ് പാലസിലാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ സമാഹരിച്ച് ട്വന്റിഫോര്‍ നവകേരള നിര്‍മിതിക്കായി സര്‍ക്കാരിന് കൈമാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top