കേരളത്തില്‍ വികസനത്തിന്റെ ആനുകൂല്യം പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എത്തുന്നില്ല: വി മുരളീധരന്‍

വികസനത്തിന്റെ ആനുകൂല്യം പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നവകേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാവേദിയായ റൗണ്ട് ടേബിളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള സൃഷ്ടി എന്ന ആശയം മുന്നോട്ടുവന്നത് പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ്. പക്ഷേ പ്രളയവുമായി ബന്ധിപ്പിക്കാതെ പുതുചിന്തകളുമായി നവകേരളം നിര്‍മിക്കണം. തകര്‍ന്നത് വീണ്ടും നിര്‍മിക്കലല്ല. ഇത് ഒരു അവസരമാണ്. കേരളത്തിന് തിരിഞ്ഞുനോക്കാനുള്ള അവസരമാണ്. പോയ വഴികള്‍ ശരിയായിരുന്നോ..? മാറ്റം വരുത്തേണ്ടതുണ്ടോ…? പുതിയ രീതിയില്‍ സമീപിക്കേണ്ടതുണ്ടോ..? എന്നീ കാര്യങ്ങള്‍ പരിശോധിക്കാനുള്ള അവസരമായി ഇത് കരുതണം.

മലയാളി നേരിട്ട് പ്രളയം അറിഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. ഈ അവസരം പ്രയോജനപ്പെടുത്തി പുതിയ രീതിയില്‍ ആശയങ്ങള്‍ ഉണ്ടാക്കണം. വികസനം ഒരോ സാഹചര്യത്തിനും സമൂഹത്തിനും അവരുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ചാകണം. കേരളത്തില്‍ ദേശീയപാതാ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ എട്ടും പത്തുംവരിയുള്ള പാതകള്‍ വേണമെന്ന് ആഗ്രഹിക്കരുത്. സ്ഥലമേറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നമാണ്. കേരളത്തില്‍ ഒരിടത്തും ദേശീയ പാത വികസനം തര്‍ക്കമില്ലാതെ നടന്നിട്ടില്ല. വികസനം എല്ലാവര്‍ക്കും ആവശ്യമാണ്. ഉത്തരേന്ത്യയിലെ ആറുവരി, നാലുവരി പാത കേരളത്തില്‍ ഉണ്ടാക്കണോ അതോ കേരളത്തില്‍ പരിമിതികള്‍ കണക്കിലെടുത്തുള്ള ഗതാഗത സംവിധാനമാണോ വേണ്ടത് എന്ന് ചര്‍ച്ച ചെയ്യണം.
ജലപാതകള്‍ക്ക് എത്ര പ്രാധാന്യം നല്‍കി എന്നത് ചര്‍ച്ച ചെയ്യണം. കേരളത്തില്‍ ജലപാതകള്‍ നവീകരിച്ചാല്‍ മികച്ച ജലഗതാഗതം രൂപീകരിക്കാന്‍ സാധിക്കും. ഭൂമി ഏറ്റെടുക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ജല ഗതാഗതത്തിനില്ല.

റെയില്‍ഗതാഗതം കൂടുതല്‍ സുഗമമാക്കണം. വികസനം ആര്‍ക്കുവേണ്ടി എന്നത് ചോദ്യമാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വികസനമാണ് വേണ്ടത്. സ്ത്രീ സമൂഹം വിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും തൊഴില്‍ പങ്കാളിത്തത്തില്‍ പിന്നിലാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ചിന്തിക്കണം. പ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ക്വാറികളെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള നിലപാട് എന്താണ് എന്നത് ചര്‍ച്ച ചെയ്യണം. പ്രവാസികളുടെ പണമാണ് കേരളത്തെ കേരളമാക്കിയത്. പ്രവാസികളുടെ സംരക്ഷണത്തിനായി എന്ത് ചെയ്യുന്നുവെന്നത് ചര്‍ച്ചയാകണമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള നിര്‍മിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന റൗണ്ട് ടേബിള്‍ കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലെ ഉദയ് പാലസില്‍ നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നേതാക്കള്‍, സാങ്കേതികവിഷയ വിദഗ്ധര്‍, വ്യാവസായിക പ്രമുഖര്‍ തുടങ്ങിയവര്‍ റൗണ്ട് ടേബിളില്‍ പങ്കെടുക്കുന്നുണ്ട്. റൗണ്ട് ടേബിളില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top