‘മഹാ’ ചുഴലിക്കൊടുങ്കാറ്റ് ശക്തിയാർജിക്കുന്നു: പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിൽ രൂപപ്പെട്ട അതിശക്ത ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി മാറിയ സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ബാക്കി നാലിൽ യെല്ലോ അലേർട്ട്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

‘മഹാ’ ചുഴലിക്കാറ്റ് ഉച്ചയോട് കൂടി ശക്തി പ്രാപിക്കും. സംസ്ഥാനത്ത് അതിശക്തമായ മഴക്കും കാറ്റിനും സാധ്യത. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. ബേപ്പൂരില്‍ നിന്ന്  ലക്ഷദ്വീപിലേക്കുള്ള ചരക്ക് യാത്രാ ഗതാഗതം നിര്‍ത്തി വച്ചു.

തീരമേഖലകളിൽ വ്യാപക കടൽ ക്ഷോഭമുണ്ടായി. ഫോർട്ട് കൊച്ചിയിൽ പുലർച്ചെയുണ്ടായ കടൽക്ഷോഭത്തിൽ 30 ഓളം വള്ളങ്ങൾ തകർന്നു. വലകളും നഷ്ടമായി. പുലർച്ചെ മൂന്നോടെയാണ് കടൽക്ഷോഭം ശക്തമായത്. വള്ളം ഒഴുകിപ്പോകാതെ മത്സ്യത്തൊഴിലാളികൾ ഇവ കരയിലേക്ക് കയറ്റിവച്ചിട്ടുണ്ട്.

Read Also: കടല്‍ക്ഷോഭം: ഫോര്‍ട്ട്‌കൊച്ചിയില്‍ 30 വള്ളങ്ങള്‍ തകര്‍ന്നു

കടലിൽ പോകരുതെന്ന് കർശന നിർദേശമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ പോയിട്ടില്ല. എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽ ക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി.

കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളിൽ ശക്തമായ കാറ്റും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കടലിലും കടൽതീരത്തും പോവരുത്. നവംബർ 3 വരെ സമ്പൂർണ മത്സ്യബന്ധന നിരോധനം പ്രഖ്യാപിച്ചു.

അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകി. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.

എല്ലാ ജില്ലകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ടോൾ ഫ്രീ നമ്പറായ 1077ൽ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top