പാറ ക്വാറികളെ പേടിച്ച് കുട്ടികള്‍ പഠനം ഉപേക്ഷിച്ച സംഭവം ഗൗരവതരമെന്ന് സബ് കളക്ടര്‍

കണ്ണൂര്‍ പെടേനയില്‍ ക്വാറികളെ പേടിച്ച് കുട്ടികള്‍ പഠനം ഉപേക്ഷിച്ച സംഭവം അതീവ ഗൗരവതരമെന്ന് സബ് കളക്ടറുടെ റിപ്പോര്‍ട്ട്. ക്വാറിയില്‍ അനുവദനീയമായതില്‍ കൂടുതല്‍ ഖനനം നടക്കുന്നുവെന്നും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തലുണ്ട്. സബ് കളക്ടര്‍ ഇന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ക്വാറികളുടെ പ്രവര്‍ത്തനം കാരണം പഠനം നിര്‍ത്തിയ പെടേന ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തളിപ്പറമ്പ് സബ് കളക്ടര്‍ പ്രദേശത്ത് പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്നും സബ് കളക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സ്‌കൂളിനോട് ചേര്‍ന്നുള്ള ക്വാറികളും സന്ദര്‍ശിച്ചു. ക്വാറികളെ പേടിച്ച് ഒരു സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പഠനം ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യം അതീവ ഗൗരവതരമാണെന്നാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ട്.

ക്വാറികളില്‍ അളവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. അനുവദിച്ചതിലും കൂടുതല്‍ ഖനനം പ്രദേശത്ത് നടക്കുന്നതായും പരിശോധനയില്‍ വ്യക്തമായി. വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സബ് കളക്ടര്‍ റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More: കണ്ണൂരില്‍ ക്വാറിയെ പേടിച്ച് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പഠനം നിര്‍ത്തി

കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സ്‌കൂളിലെ 55 കുട്ടികളും രണ്ടുദിവസം മുമ്പാണ് പഠനം നിര്‍ത്തിയത്. സ്‌കൂളിന്റെ അരക്കിലോമീറ്റര്‍ പരിധിയില്‍ നാല് ക്വാറികളാണ് ഉള്ളത്. ക്വാറികളിലെ സ്‌ഫോടനം കാരണം സ്‌കൂള്‍ ചുമരുകളില്‍ വിള്ളല്‍ വീണു. മലിനീകരണം മൂലം കുട്ടികള്‍ക്ക് നിരവധി രോഗങ്ങളും പിടിപ്പെട്ടു. കഴിഞ്ഞ ദിവസം ക്വാറിയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് കുട്ടികളുടെ ഉച്ചഭക്ഷണം പോലും ബെഞ്ചില്‍ നിന്ന് മറിഞ്ഞു വീണു. ഇതോടെയാണ് ഇനി കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കേണ്ടെന്ന് രക്ഷിതാക്കള്‍ തീരുമാനിച്ചത്.

നൂറിലേറെ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളാണിത്. കുട്ടികളുടെ എണ്ണം ഇപ്പോള്‍ പകുതിയായി. ഈ വര്‍ഷം പുതുതായി എത്തിയത് ഏഴ് പേര്‍ മാത്രമാണ്. ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാതെ കുട്ടികളെ സ്‌കൂളിലെക്ക് അയക്കേണ്ടെന്നാണ് രക്ഷിതാക്കളുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top