ആകാശഗംഗ 2; ഒരു വട്ടം മടുപ്പില്ലാതെ കണ്ടിരിക്കാനാവുന്ന ചിത്രം

‘ആകാശഗംഗ’ മലയാളി യക്ഷിപ്പടങ്ങളിലെ ബെഞ്ച്മാർക്കായിരുന്നു. 1999ൽ വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം നമ്മുടെയൊക്കെ ചെറുപ്പകാലത്തെ യക്ഷി സങ്കല്പങ്ങളെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. പ്രണയവും കൊലയും പ്രതികാരവും നിറഞ്ഞ ‘ആകാശഗംഗ’ മലയാളത്തിലിറങ്ങിയ യക്ഷിപ്പടങ്ങളിൽ മുൻനിരയിലുണ്ട്. അത്തരമൊരു സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കുക എന്ന വെല്ലുവിളിയാണ് വിനയൻ ഏറ്റെടുത്തത്.

20 വർഷങ്ങൾക്കു ശേഷം അതേ സംവിധായകൻ തന്നെ ചിത്രത്തിനു രണ്ടാം ഭാഗവുമായി എത്തുമ്പോൾ അതെങ്ങനെയാവുമെന്നറിയാനുള്ള കൗതുകം തന്നെയായിരുന്നു കൂടുതൽ. വിനയൻ എന്ന അതിഗംഭീര സംവിധായകൻ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന ചോദ്യത്തിനും മറുപടി വേണ്ടിയിരുന്നു.

പഴയ ആകാശഗംഗയിലെ ചില സ്റ്റില്ലുകളുടെ പശ്ചാത്തലത്തിൽ സ്ക്രീനിൽ തെളിയുന്ന ടൈറ്റിലുകളിലൂടെയായിരുന്നു സിനിമയുടെ തുടക്കം. ആ സ്റ്റില്ലുകളിലൂടെ പലരെയും ഓർത്തു. മയൂരി, രാജൻ പി ദേവ്, കലാഭവൻ മണി, കൊച്ചിൻ ഹനീഫ അങ്ങനെയങ്ങനെ നമ്മെ വിട്ടുപിരിഞ്ഞവർ. ആ സ്റ്റില്ലുകളിലൂടെ ആകാശഗംഗയെയും ഓർത്തു.

90കളിലെ പ്രേതപ്പടങ്ങളുടെ സ്ഥിരം കഥാഗതിയാണ് ഈ സിനിമയ്ക്കും. ഇല്ലം, ആത്മാവ്, പ്രേതം, പ്രതികാരം, മന്ത്രവാദി, പൂജ, ഒഴിപ്പിക്കൽ. അങ്ങനെ ഒന്നൊഴിയാതെ എല്ലാം സിനിമയിലുമുണ്ട്. എങ്കിലും തീരെ ദുർബലമെന്ന് പറയാൻ കഴിയില്ല. ചില ഡയലോഗുകളിൽ നാടകീയത തോന്നിയെങ്കിലും മൊത്തത്തിലുള്ള ചിന്തയും തിരക്കഥയും നന്നായിരുന്നു. കോമഡി സീനുകൾ ഭൂരിഭാഗവും വർക്കായിട്ടുണ്ട്. ക്ലൈമാക്സ് ബിൽഡപ്പ് ഗംഭീരമായിരുന്നു. ജമ്പ് സ്കെയർ സീനുകൾ അധികം ഇല്ല എന്നത് ആശ്വാസമായി തോന്നി. എങ്കിലും ചില ജമ്പ് സ്കെയർ പൊടിക്കൈകൾ വിനയൻ ഉപയോഗിച്ചിട്ടുണ്ട്.

നായകനും നായികയും ശരാശരിയായി അനുഭവപ്പെട്ടു. വിനയൻ്റെ മകൻ വിഷ്ണു വിനയ് തന്നെയാണ് നായകൻ. പുതുമുഖം ആരതിയാണ് നായിക. മറ്റ് അഭിനേതാക്കളൊക്കെ നന്നായി. സെന്തിൽ കൃഷ്ണയുടെ കഥാപാത്രം ഗംഭീരമായിരുന്നു. തിരുവനന്തപുരം ശൈലി ചിലപ്പോഴൊക്കെ അരോചകമാകുമെന്ന് തോന്നിയെങ്കിലും സെന്തിൽ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു മുഴുനീള ഹാസ്യ കഥാപാത്രവും തന്നെക്കൊണ്ട് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ഹരീഷ് കണാരൻ, ശ്രീനാഥ് ഭാസി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരുടെ കഥാപാത്രങ്ങളും നന്നായിരുന്നു.

ടെക്നിക്കൽ വശം പരിഗണിച്ചാൽ ഏറ്റവും ഗംഭീരം ബിജിബാലിൻ്റെ പശ്ചാത്തല സംഗീതമായിരുന്നു. ഗാനങ്ങളും നന്നായി. അഭിലാഷ് വിശ്വനാഥിൻ്റെ കട്ടുകളും മികച്ചതായി. വിഎഫ്എക്സ് വളരെ മോശം. വിഎഫ്എക്സ് സംബന്ധിയായി വിനയൻ ഡ്രാക്കുളയിൽ നിന്ന് വളർന്നിട്ടില്ല. വിഎഫ്എക്സുകളില്ലാതെ തന്നെ നന്നാക്കാവുന്ന സീനുകൾ വിഎഫ്എക്സ് തിരുകിക്കയറ്റി നശിപ്പിച്ചു.

കഥാഗതിയും കോമഡിയും കൊണ്ട് മടുപ്പില്ലാതെ ഒരുതവണ കാണാൻ പറ്റുന്ന സിനിമയാണ് ആകാശഗംഗ 2.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top