അമ്മയ്ക്ക് വേണ്ടി വരനെ അന്വേഷിച്ച് മകൾ; സ്റ്റീരിയോടൈപ്പുകളെ തകർത്ത് ഒരു വിവാഹപരസ്യം

അമ്മയ്ക്ക് വേണ്ടി വരനെ അന്വേഷിക്കുന്ന മകളുടെ വിവാഹ പരസ്യം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നു. നിയമ വിദ്യാർത്ഥിനിയായ ആസ്തയാണ് അമ്പതുകാരിയായ അമ്മയ്ക്കായി വരനെ അന്വേഷിക്കുന്നത്.

ഭർത്താവ് മരിച്ച് കഴിഞ്ഞാൽ പൊതുവെ സ്ത്രീകൾ രണ്ടാം വിവാഹത്തിന് മുതിരാറില്ല. കുട്ടികളുണ്ടെങ്കിൽ അവരെ വളർത്തി വലുതാക്കിയും, പഠിപ്പിച്ചുമെല്ലാം സ്ത്രീകളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കുട്ടികൾക്കായി മാറ്റിവയ്ക്കും. എന്നാൽ ഒരു പ്രായം കഴിഞ്ഞ് ഇത്തരക്കാർക്ക് വല്ലാത്ത ഒറ്റപ്പെടലായിരിക്കും. മക്കളെല്ലാം വിവാഹ ശേഷമോ ജോലിസംബന്ധമായോ പലസ്ഥലങ്ങളിലായിരിക്കും. വാർധക്യത്തോടടുക്കുന്ന ഇത്തരക്കാർ തനിച്ചാകും…അത്തരമൊരു ഘട്ടത്തിലെത്തിയ അമ്മയെ ചേർത്ത് പിടിച്ചുകൊണ്ട് അമ്മയ്ക്ക് ഒരു കൂട്ട് തിരയുകയാണ് ആസ്ത.

ഒക്ടോബർ 31ന് ട്വിറ്ററിലൂടെയാണ് ആസ്ത അമ്മയ്ക്കായി വിവാഹ പരസ്യം നൽകിയത്. അമ്പത് വയസുള്ള, സസ്യഭുക്കായ, മദ്യപാനിയല്ലാത്ത വ്യക്തികളിൽ നിന്നാണ് വിവാഹാലോചനകൾ ക്ഷണിച്ചിരിക്കുന്നത്. ആസ്തയും അമ്മയുമൊപ്പമുള്ള ചിത്രവും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അയ്യായിരത്തിലധികം പ്രതികരണങ്ങളാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. 5500 റീട്വീറ്റുകളും 27k ലൈക്കുകളും !

ഏറെ ആവേശത്തോടെയാണ് ട്വിറ്ററാറ്റികൾ ഈ വിവാഹ പരസ്യത്തെ വരവേറ്റിരിക്കുന്നത്. പലരും തങ്ങളുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസായി ഇത് വയ്ക്കാമെന്നും അതിലൂടെ കൂടുതൽ പേരിലേക്ക് ഇത് എത്തുമെന്നുമെല്ലാം കമന്റ് ചെയ്തു. ചിലർ തങ്ങളുടെ അനുയോജ്യരായ പരചിയക്കാരെയെല്ലാം ടാഗ് ചെയ്തിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്നും നല്ലൊരു വ്യക്തിയെ അമ്മയ്ക്ക് കൂട്ടായി കിട്ടട്ടേയെന്ന് പ്രാർത്ഥിച്ചും ഈ ട്വീറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top