സൗമിനി ജെയ്‌നെതിരെ കോൺഗ്രസിലെ വനിതാ കൗൺസിലർമാർ; മേയർ സ്ഥാനം ഒഴിയണമെന്നാവശ്യം

കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റണമെന്നാശ്യപ്പെട്ടുള്ള പരസ്യകലാപം ജില്ലയിലെ കോൺഗ്രസിൽ തുടരുന്നു. മേയർ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ ആറ് വനിതാ കൗൺസിലർമാർ രംഗത്തെത്തി. രണ്ടര വർഷം കഴിഞ്ഞ് മാറണമെന്ന കരാർ സൗമിനി ജെയിൻ ലംഘിച്ചതായി കൗൺസിലർമാർ ആരോപിച്ചു.

സൗമിനി ജെയിനെ മാറ്റുന്നതിനായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ എറണാകുളത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പടനയിച്ചിട്ടും ഇതുവരെ ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം നീക്കാനായിട്ടില്ല. ഇതോടെയാണ് പരസ്യകലാപമുയർത്തി കോൺഗ്രസിന്റെ വനിതാ കൗൺസിലർമാർ രംഗത്തുവന്നത്. രണ്ടര വർഷം കഴിഞ്ഞ് മാറണമെന്ന മുൻ ധാരണ മേയർ ലംഘിച്ചു. മകളുടെ വിവാഹം കഴിഞ്ഞ് മാറാമെന്ന് മേയർ ഉറപ്പ് നൽകിയിരുന്നു. പല കാരണങ്ങൾ പറഞ്ഞ് സ്ഥാനമാറ്റം നീട്ടുകയാണെന്നാണ് വനിതാ കൗൺസിലർമാരുടെ ആരോപണം.

ജില്ലയിലെ എ, ഐ ഗ്രൂപ്പിലെ പ്രധാനികൾ ഒരുമിച്ചുന്നയിച്ച ആവശ്യം തള്ളിയേക്കാനുള്ള സാധ്യത രൂപപ്പെട്ടതോടെയാണ് പര്യസ്യ കലാപം മൂർച്ഛിച്ചത്. മേയർക്കെതിരെ ഒളിയമ്പെയ്ത യുഡിഎഫ് കൺവീനർ ബെന്നി ബെഹ്‌നാൻ തീരുമാനം ഉടനുണ്ടാകുമെന്നും പ്രതികരിച്ചു. പുതിയ ഡെപ്യൂട്ടി മേയറെയും നിശ്ചിയിക്കേണ്ടതുണ്ട്. മേയറെ മാറ്റുമോ ഇല്ലയോ എന്നുറപ്പിക്കാനാവാത്തതിനാൽ പുതിയ ഡെപ്യൂട്ടി മേയർ ആരാകണമെന്നതിലും തീരുമാനമെടുക്കാനായിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കെപിസിസി രാഷ്ട്രീയ കാര്യസമിതി മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നു. മേയറോട് തൽകാലം തുടരാൻ നിർദേശിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

കെ വി തോമസും, വി എം സുധീരനും മേയറെ മാറ്റരുതെന്ന നിലപാട് കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. ഇത് മുല്ലപ്പള്ളിയെ കുഴപ്പിക്കുകയാണ്. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് മുല്ലപ്പള്ളി ജില്ലയിലെ നേതാക്കളെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ കൂടിയാലോചന ഇതുവരെ നടന്നിട്ടില്ല. തീരുമാനം എന്നുണ്ടാകുമെന്ന് വ്യക്തമാക്കാനും മുല്ലപ്പള്ളി തയ്യാറായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top